തിരുവല്ല: പൊടിയാടി - കാരയ്ക്കൽ -കൃഷ്ണപാദം റോഡിൽ പെരിങ്ങര കാനേകാട്ട് ജംഗ്ഷന് സമീപം നടന്നുവന്ന സ്വകാര്യ വ്യക്തിയുടെ അനധികൃത മതിൽ നിർമ്മാണം തടഞ്ഞുകൊണ്ട് പൊതുമരാമത്ത് വകുപ്പ് നോട്ടീസ് നൽകി. തിങ്കളാഴ്ചയാണ് മതിൽ നിർമ്മാണം ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത് അധികൃതർ തിങ്കളാഴ്ച ഉച്ചയോടെ എത്തി നിർമ്മാണം നിറുത്തിവയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്നും പണികൾ നടത്തിയതിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. ഇതേതുടർന്നാണ് പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനീയർ നോട്ടീസ് നൽകിയത്. അനധികൃത നിർമ്മാണം സംബന്ധിച്ച് പരാതി ഉയർന്ന സ്ഥലം ഇന്ന് സന്ദർശിക്കുമെന്ന് പെരിങ്ങര വില്ലേജ് ഓഫീസർ പറഞ്ഞു.