പത്തനംതിട്ട: ദേശീയാരോഗ്യ ദൗത്യം ചുമതലയിലുള്ള നഗരസഭ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനവേദിയിൽ നഗരസഭ കൗൺസിലർമാരടക്കം നടത്തിയ ആക്രമണം ആസുത്രിതമായിരുന്നുവെന്ന് ചെയർപേഴ്സൺ റോസ്ലിൻ സന്തോഷ് പറഞ്ഞു. അപ്രതീക്ഷിതമായ ആക്രമണമാണ് ഉണ്ടായത്. ഒരു എൽഡിഎഫ് കൗൺസില‌ർ തന്നെ തള്ളി താഴെയിടുകയായിരുന്നു. മറ്റൊരു കൗൺസിലർ വിളക്കു കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു അനിലാണ് ഇത് തടഞ്ഞത്. ഈ ശ്രമത്തിനിടെ സിന്ധുവിനും പരിക്കേറ്റു. ശാരീരികമായി തനിക്ക് ഏറെ ബുദ്ധിമുട്ടുകളുണ്ടായി. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്‌തെങ്കിലും വീട്ടിൽ വിശ്രമത്തിലാണ്. കഴുത്തിനു പിന്നിൽ ക്ഷതമുണ്ട്.. കുമ്പഴയിലെ ആശുപത്രി കെട്ടിടം അടിയന്തരമായി തുറന്നുകൊടുക്കേണ്ട സാഹചര്യം പ്രതിപക്ഷ കൗൺസില‌ർമാർക്കും അറിവുള്ളതാണ്. നിലവിൽ ആശുപത്രി പ്രവർത്തിക്കുന്നത് വാടകക്കെട്ടിടത്തിലാണ്. അവിടെനിന്ന് ആശുപത്രി മാറ്റണമെന്ന നിരന്തരം ആവശ്യം കെട്ടിടം ഉടമ ഉന്നയിച്ചുവരികയാണ്. ആശുപത്രി കെട്ടിടത്തിന്റെ ടൈലിംഗ്, പ്ലംബിംഗ്, ഇലക്ട്രിഫിക്കേഷൻ ജോലികളാണ് പൂർത്തീകരിക്കാനുള്ളത്. ഇത് 15 ദിവസത്തിനകം പൂർത്തിയാക്കുമെന്ന് കരാറുകാരൻ ഉറപ്പു നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് ഉദ്ഘാടനം നടത്താൻ തീരുമാനവുമുള്ളതാണെന്ന് അവർ പറഞ്ഞു. നഗരസഭ ചെയർഴ്‌സണെയും കൗൺസിലർമാരെയും ആക്രമിച്ചതിൽ ഇന്നലെയും പ്രതിഷേധം നടന്നു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ചും യോഗവും നടത്തി.