തിരുവല്ല : ഇരവിപേരൂരിൽ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി ഓതറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ജീവിതശൈലി രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള ഫിറ്റ്‌നസ് സെന്റർ പ്രവർത്തനം ആരംഭിച്ചു. സെന്ററിന്റെ ഉദ്ഘാടനം വീണാ ജോർജ് എം. എൽ.എ നിർവഹിച്ചു. പൊതുജനങ്ങൾക്ക് പ്രാപ്യമായ രീതിയിൽ വ്യായാമത്തെ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ ഓപ്പൺ ജിം സംവിധാനം നടപ്പാക്കിയത്. 20 ലക്ഷം രൂപ ചെലവഴിച്ചാണ് ആരോഗ്യകേന്ദ്രത്തിലും ഇരവിപേരൂർ പോസ്റ്റോഫീസിനു സമീപവുമായി ഫിറ്റ്‌നസ് സെന്റർ ആരംഭിച്ചത്. ചികിത്സാ രംഗത്ത് ദേശീയ ഗുണനിലവാര സംവിധാനം നടപ്പാക്കിയ കുടുംബാരോഗ്യകേന്ദ്രത്തിലാണ് രോഗം വരാതിരിക്കാനുള്ള സംവിധാനവും ഒരുക്കുന്നത്. നാലുപേർക്ക് ഫുട്‌ബോൾ കളിക്കാൻ കഴിയുന്ന ഫുട്‌സാൽ, ഷട്ടിൽ കോർട്ട്, ഏഴ് ഉപകരണങ്ങൾ ക്രമീകരിച്ചിരിക്കുന്ന ഓപ്പൺ ജിം എന്നിവയാണ് ഇവിടെയുള്ളത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസൂയാദേവി അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തിനോടനുബന്ധിച്ച് ഓതറ കൾച്ചറൽ വെൽഫെയർ സൊസൈറ്റിയും ഇരവിപേരൂർ സ്‌പോട്‌സ് കൗൺസിൽ ടീമും ചേർന്ന് ഫുട്‌സാൽ മത്സരവും ഉണ്ടായിരുന്നു. ഷോപ്പ് ആന്റ് എക്സ്റ്റാബ്ലിഷ്‌മെന്റ് ചെയർമാൻ അനന്തഗോപൻ, വൈസ് പ്രസിഡന്റ് അഡ്വ.എൻ രാജീവ്, മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം കെ.ടി ചാക്കോ, ഫിറ്റ്‌നസ് സെന്ററിന്റെ അമ്പാസിഡർ സിനിമാതാരം രാജീവ് പിള്ള, നിർവഹണ ഉദ്യോഗസ്ഥ വി .കെ വിമിത മുരളി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രജിത എൽ, വി കെ ഓമനകുട്ടൻ, ബിന്ദു കെ നായർ, പ്രസന്നകുമാർ, സാബു ചക്കുമൂട്ടിൽ,സാലി ജേക്കബ്, സെക്രട്ടറി സുജാകുമാരി തുടങ്ങിയവർ പങ്കെടുത്തു.