cc

പത്തനംതിട്ട : സർക്കാർ ആശുപത്രികളിൽ കൊവിഡ് രോഗികളെന്നും കൊവിഡ് രോഗികൾ അല്ലാത്തവരെന്നും രണ്ട് വിഭാഗമായതോടെ വലയുന്നത് ഡോക്ടർമാരാണ്. കൊവിഡ് ഡ്യൂട്ടിക്കായി ഡോക്ടർമാർക്ക് ചുമതല നൽകിയിട്ടുണ്ടെങ്കിലും ആകെ എണ്ണം പഴയതുതന്നെയാണ്. ഒ.പിയും ഐ.പിയും കൈകാര്യം ചെയ്യാൻ നിലവിലുള്ളവർ തന്നെവേണം. കൊവിഡ് ഡ്യൂട്ടിക്കായി കുറേപ്പേർ മാറിയതോടെ മറ്റുള്ളവരുടെ ജോലിഭാരം കൂടി. കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലാണ് ഏറ്റവും കൂടുതൽ ഒ.പിയുള്ളത്. അപകടങ്ങളും മറ്റും ഉണ്ടെങ്കിൽ ഡോക്ടർമാർക്ക് നിന്നുതിരിയാൻ നേരമില്ല.

ശബരിമല തീർത്ഥാടനകാലം ആരംഭിക്കുമ്പോൾ അവിടെയും ഡോക്ടർമാരുടെ സേവനം ഉറപ്പാക്കേണ്ടതായി വരും.

നിലവിലുള്ളവരിൽ നിന്ന് വേണം ഇതും ക്രമീകരിക്കാൻ.

സ്പെഷ്യലിസ്റ്റുകളടക്കം 320 ഡോക്ടർമാരായിരുന്നു ജില്ലയിൽ ഉണ്ടായിരുന്നത്. ജില്ലാ ആശുപത്രിയിൽ നിലവിൽ 31 ഡോക്ടർമാരും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 55 ഡോക്ടർമാരുമുണ്ട്. ജില്ലാ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിൽ മൂന്ന് ഡോക്ടർമാരുണ്ട്. ഇതിൽ ഒരു ഡോക്ടർ പ്രസവാവധിയിലാണ്. ഒ.പിയിലും ഐ.പിയിലുമായി രണ്ട് ഡോക്ടർമാരാണ് ജോലിചെയ്യുന്നത്. ജില്ലാ ആശുപത്രിയിൽ നിലവിൽ ഒരു ഫിസിഷ്യനും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മൂന്ന് ഫിസിഷ്യനുമുണ്ട്. ജില്ലാ ആശുപത്രിയിലെ ഫിസിഷ്യൻ ഇപ്പോൾ ക്വാറന്റൈനിലാണ്. പകരം അസിസ്റ്റന്റ് സർജൻമാരാണ് ഡ്യൂട്ടി ചെയ്യുന്നത്. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ മറ്റ് കൊവിഡ് കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നുണ്ട്.

-----------------------

"നിലവിൽ വലിയൊരു പ്രശ്നം ജില്ലാ ആശുപത്രിയിൽ ഇല്ല. കുറച്ച് ഡോക്ടർമാർ കൂടിയുണ്ടെങ്കിൽ കുറേക്കൂടി നല്ലതാണ്. ഫിസിഷ്യൻ കുറവാണ്. കൊവിഡ് ഡ്യൂട്ടിക്ക് ആശുപത്രിയിലെ ഡോക്ടർമാരും ഉണ്ട്. കൊവിഡിനായി മാത്രം ഡോക്ടർമാരെ ലഭിച്ചിട്ടുണ്ട്. "

ഡോ. പ്രതിഭ

(ജില്ലാ ആശുപത്രി ആർ.എം.ഒ)

---------------

"ഡോക്ടർമാർ കൊവിഡ് ബ്രിഗേഡിൽ രജിസ്റ്റർ ചെയ്യുന്നത് കുറഞ്ഞു. നിലവിൽ ഡോക്ടർമാരുടെ കുറവ് ജില്ലയിലുണ്ട്. ഒ.പി കൂടുന്നതിനനുസരിച്ച് ഡോക്ടർമാരെ മാറ്റുന്നുണ്ട്. ഇതിനിടയിൽ ക്വാറന്റൈനും ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിക്കുന്നതുമെല്ലാം വെല്ലുവിളിയാകുന്നുണ്ട്. ശബരിമല തീർത്ഥാടനം കൂടി ആരംഭിക്കുമ്പോൾ വീണ്ടും ഡോക്ടർമാരെ ആവശ്യമായി വരും. നോൺ കൊവിഡ് രോഗികൾക്കായി കൂടുതൽ ഡോക്ടർമാരെ നിയോഗിക്കും."

ഡോ. എ.എൽ ഷീജ

(ഡി.എം.ഒ)