അടൂർ : തിരഞ്ഞെടുപ്പ് വാഗ്ദ്ധാനമായി നൽകിയ നെടുംകുന്ന്മല ടൂറിസം പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന ആവശ്യവുമായി നെടുംകുന്ന്മല സംരക്ഷണ സമിതി രംഗത്തിറങ്ങി. നെടുംകുന്ന് മലയുടെ ആവാസവ്യവസ്ഥ തകിടം മറിയത്തക്കവിധം അടുത്തിടെ സ്വകാര്യവ്യക്തി നടത്തിയ നിർമ്മാണ പ്രവർത്തനത്തോടെയാണ് ഇത്തരമൊരു ആവശ്യം ശക്തമാകുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് അടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ വികസന രേഖയിൽ നെടുംകുന്ന് മല ‌ടൂറിസം പദ്ധതി യാഥാർത്ഥ്യമാക്കുമെന്ന് ഉറപ്പ് നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിന്റെ 2017 - 18ലെ ബഡ്ജറ്റിൽ മൂന്ന് കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. നാല് വർഷം കഴിഞ്ഞിട്ടും പദ്ധതിക്ക് തുടക്കം കുറിക്കാൻ കഴിയാത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. ഉടൻ തുടക്കം കുറിക്കുമെന്ന പതിവ് പല്ലവി എം.എൽ.എ പറയുന്നതല്ലാതെ ഇതുവരെ ഒരു പ്രവർത്തനവും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് നെടുംകുന്ന്മല സംരക്ഷണ സമിതി പ്രവർത്തകർ ആരോപിക്കുന്നു. നെടുംകുന്ന് മലയുടെ ചെങ്കുത്തായ വശം ഇടിച്ചുനിരത്തിയതോടെയാണ് ഇതിനെ ചെറുക്കാൻ അഞ്ഞൂറിലധികം കുടുംബങ്ങൾ സംഘടിച്ച് സംരക്ഷണ സമിതിക്ക് രൂപം നൽകിയത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഏറത്ത് പഞ്ചായത്ത് ഇതിനെതിരേ പ്രമേയം പാസാക്കിയിരുന്നു. ഉന്നതാധികാരികൾ നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവെയ്ക്കാനുള്ള ഉത്തരവും നൽകി. നിയമസഭയുടെ കാലാവധി അവസാനിക്കാൻ ആറ് മാസം ബാക്കി നിൽക്കെ പദ്ധതി നടപ്പിലാക്കാത്തതിൽ സംരക്ഷണ സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു.