കടയാർ: അയിരൂർ എഴുമറ്റൂർ കൊറ്റനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കരിഞ്ചോലതുണ്ടി കുരിശുമുട്ടം റോഡ് നവീകരണത്തിന് പച്ചക്കൊടി. അയിരൂർ ഗ്രാമപഞ്ചായത്തിന്റെ 1,2 വാർഡുകളിലൂടെ കടന്ന് പോകുന്ന റോഡാണിത്. കുണ്ടും കുഴിയുമായി തകർന്ന് കിടക്കുന്ന റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ ഇടപെട്ടാണ് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വികസന ഫണ്ടിൽ നിന്ന് ഇതിനുള്ള തുക അനുവദിപ്പിച്ചത്. കൊറ്റനാട് വെള്ളിയിൽ ജില്ലാ ഹോമിയോ ആശുപത്രി, വലിയകുന്നും ഹൈസ്‌കൂൾ, തടിയൂർ എൻ.എസ്.എസ് ഹൈസ്‌കൂൾ, എന്നിവിടങ്ങളിലേയ്ക്കും ഇടയ്ക്കാട് മാർക്കറ്റ് , റാന്നി ഭാഗത്തേയ്ക്ക് പോകുന്നതിനുമുള്ള എളുപ്പമാർഗം കൂടിയാണിത്. നിരവധി ആരാധനാലയങ്ങളും റോഡിന് സമീപത്തുണ്ട്. നവീകരണം പൂർത്തിയാകുന്നതോടെ ഈ വഴിയുള്ള യാത്രാ ദുരിതത്തിന് വിരാമമാകും. റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ ഉദ്ഘാടനം ചെയ്തു. അയിരൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ടി തോമസ് കുട്ടി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ആനന്ദകുട്ടൻ, കോൺഗ്രസ് വെസ്റ്റ് മണ്ഡലം പ്രസിഡന്റ് വി.സന്ജയകുമാർ, രാജു കണിയാറോലിൽ,സുജാ മോഹൻ,ശാമുവേൽ ജോസഫ്,രാജു കാലായിൽ,മാത്തുക്കുട്ടി എന്നിവർ പ്രസംഗിച്ചു.