കോന്നി: താലുക്കാശുപത്രിയിൽ വലിയ വികസന പ്രവർത്തനങ്ങൾ നടത്തിയതായി കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ പറഞ്ഞു. 1കോടി 11 ലക്ഷം രൂപ മുതൽ മുടക്കി താലൂക്കാശുപത്രിയുടെ പ്രധാന കെട്ടിടം പുതുക്കിപ്പണിതു. വിവിധ ഡിപ്പാർട്ടുമെന്റുകളിലായി 28 ഡോക്ടർമാരുടെ സേവനം ഇവിടെ ലഭ്യമാണ്. ദിവസവും ആയിരത്തോളം രോഗികളാണ് ഇവിടെ ഇപ്പോൾ ചികിത്സ തേടിയെത്തുന്നത്. ബ്ലോക്ക് പഞ്ചായത്താഫീസ് പരിസരത്ത് പകൽ വീടിന്റെ പ്രവർത്തനം തുടങ്ങി 60 വയസിന്റെ മുകളിൽ പ്രായമുളള വൃദ്ധജനങ്ങൾക്ക് പകൽ വീടിന്റെ പ്രയോജനം ലഭിക്കുന്നു. രാവിലെയും വൈകിട്ടും ഇവർക്ക് ലഘുഭക്ഷണവും വിനോദോപാധികളും ഇവിടെ ലഭ്യമാണ്.
പ്രധാന നേട്ടങ്ങൾ
-പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഭവനരഹിതരായ 411 പേർക്ക് വീട് വച്ച് നൽകി.
-മലയാലപ്പുഴ, മൈലപ്ര, കോന്നി, വട്ടക്കാവ് തുടങ്ങിയ പ്രദേശങ്ങളിൽ ശുദ്ധജല വിതരണ പദ്ധതികളുടെ പണി പൂർത്തിയാക്കി ശുദ്ധജല ക്ഷാമത്തിന് പരിഹാരം കണ്ടു
-13 ഡിവിഷനുകളിലായി ആർദ്രം പദ്ധതിയിലുൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിൽ പ്പെട്ട കുട്ടികൾക്ക് പഠനമുറി, സ്‌കോളർഷിപ്പ് എന്നിവ നൽകി.
-വിവിധ ഡിവിഷനുകളിലായി റോഡുകൾ നിർമ്മിച്ചു. സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചു.
-70 വർഷം പഴക്കമുള്ള വയലാ വടക്ക് മമ്മൂട് ലൈബ്രറിക്ക് ബ്ലോക്ക് പഞ്ചായത്ത് വിഹിതമായ 10 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് വിഹിതമായ 10 ലക്ഷം രൂപയും ഉൾപ്പെടുത്തി പുതിയ കെട്ടിടം നിർമ്മിച്ചു.
-10 ലക്ഷം രൂപ മുതൽ മുടക്കി കൈപ്പട്ടൂരിൽ ഹൈടെക് അങ്കണവാടി നിർമ്മിച്ചു.
-വിവിധ സ്‌കൂളുകളിൽ കമ്പ്യൂട്ടർ ലാബുകൾ ഒരുക്കുന്നതിനുള്ള സൗകര്യങ്ങൾ ചെയ്തു.
-പട്ടികജാതി കോളനികളിൽ സോളാർ ലൈറ്റുകൾ സ്ഥാപിച്ചു.
-മണലാഴി ഏല വികസന പദ്ധതിയും, വട്ടക്കാവ് തകരക്കണ്ടം ഏല വികസന പദ്ധതിയും നടപ്പാക്കിയതു കർഷകർക്ക് പ്രയോജനമായി.
-പട്ടികജാതി വിഭാഗത്തിലെ കലാകാരൻമാർക്ക് വാദ്യോപകരണങ്ങൾ വാങ്ങി നൽകി.
-ജലഗംഗ പദ്ധതിയും കോന്നി ഗ്രാമപഞ്ചായത്തുമായി ചേർന്ന് ഗംഗ കുടിവെള്ള പദ്ധതിയും നടപ്പാക്കി.
-മേക്കൊഴൂരിൽ മാലിന്യ സംസ്‌കരണ പ്ലാന്റ് നിർമ്മിച്ചു.
-കോന്നി ടൗണിലെ മാലിന്യ സംസ്‌കരണത്തിന് ഗ്രാമപഞ്ചായത്തുമായി ചേർന്ന് തുമ്പൂർമൂഴി മാതൃകയിൽ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചു.
-കൊട്ടാരത്തിൽ കടവ്, തേക്കുമല പമ്പ് ഹൗസുകളിൽ 19 ലക്ഷം രൂപ മുതൽ മുടക്കി പുതിയ മോട്ടോറുകൾ സ്ഥാപിച്ചു.
-നെൽക്കർഷകർക്ക് പുതിയ ട്രാക്രുകൾ നൽകി. വാഴകർഷകരുടെ ഗ്രാമമായ വകയാറിൽ ബനാന പാർക്ക് ആരംഭിച്ചു.
-വജ്രജൂബിലി ഫെലോഷിപ്പിന്റെ ഭാഗമായി 300 ,കാലാകാരൻമാർക്കും, കലാകാരികൾക്കും പരിശീലനം നൽകി.
-ഉദ്യോഗാർത്ഥികൾക്ക് സൗജന്യ പി.എസ്.സി. കോച്ചിംഗ് നൽകി.
-അംഗപരിമിതർക്ക് ഉപകരണങ്ങളും വാഹനങ്ങളും നൽകി..
-തൊഴിൽ രഹിതരായ യുവതി യുവാക്കൾക്ക് ഓട്ടോറിക്ഷകൾ നൽകി.
----------------
കാർഷിക മേഖലയിലടക്കം ഫണ്ട് വിനിയോഗിച്ചിട്ടില്ല
ഫണ്ടിന്റെ വിതരണവും വിനിയോഗവും സുതാര്യവും നീതിയുക്തവും ആയിരുന്നില്ല. കാർഷിക മേഖലയിലടക്കം വർഷാവർഷം വകയിരുത്തിയിരുന്ന ലക്ഷകണക്കിന് രൂപ ചിലവഴിക്കാൻ കഴിയാതെ പോയി. യു.ഡി.ഫ് ഭരണസമിതി അംഗങ്ങൾ തമ്മിലുള്ള അസ്വാരസ്യങ്ങളും, വികലമായ ആസൂത്രണവും നിർവഹണത്തിൽ സൃഷ്ടിക്കപ്പെട്ട കാലതാമസങ്ങളും പദ്ധതികളുടെ നടത്തിപ്പിന് തടസമായി.
എസ്.ഷാജി ( മലയാലപ്പുഴ ഡിവിഷൻ മെമ്പർ.സി.പി.എം)