അടൂർ : കാൽ നൂറ്റാണ്ടിന്റെ ചരിത്രത്തിനിടയിൽ തിരഞ്ഞെടുപ്പിലൂടെ എൽ. ഡി. എഫ് ആദ്യമായി അധികാരത്തിൽ വരാൻ അടൂർ നഗരസഭയിൽ കളമൊരുങ്ങിയത് നാലാം വാർഡിൽ നിന്നുള്ള ജി. പ്രസാദ് എന്ന സ്വതന്ത്ര സ്ഥാനാർത്ഥിയുടെ വിജയമായിരുന്നു. എൽ. ഡി. എഫിന് 14 ഉം യു. ഡി. എഫിന് 13 ഉം സീറ്റുകൾ ലഭിച്ചതോടെ സ്വതന്ത്രൻ നിർണായകമായി. ഒടുവിൽ സ്വതന്ത്രൻ എൽ. ഡി. എഫിന് പിന്തുണ കൊടുത്തതോടെ നഗരസഭാ ഭരണം എൽ. ഡി. എഫിന്റെ കൈകളിൽ എത്തുകയായിരുന്നു. വികസന രംഗത്ത് വൻ മുന്നേറ്റമുണ്ടാക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞതായി ചെയർപേഴ്സൺ സിന്ധു തുളസീധരക്കുറുപ്പ് പറഞ്ഞു.

പ്രധാന നേട്ടങ്ങൾ

നഗരസഭാ സ്റ്റേഡിയത്തിന് 10 ലക്ഷം രൂപ ചെലവഴിച്ച് ഒരേക്കർ സ്ഥലംകൂടി വാങ്ങിയതോടെ സ്റ്റേഡിയ നിർമ്മാണത്തിന് പുതിയ രൂപരേഖ തയ്യാറാക്കി.

ബൈപാസ് റോഡിലെ പുതിയ പ്രൈവറ്റ് സ്റ്റാൻഡിൽ നിർദ്ദിഷ്ട നഗരസഭാ കാര്യാലയം കം ബെസ് ടെൻമിനൽ നിർമ്മിക്കുന്നതിനുള്ള സാങ്കേതിക തടസം നീക്കി ഭരണാനുമതി നേടിയെടുത്തു.

വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ച മൃശാശുപത്രിക്ക് നിർദ്ദിഷ്ട സ്റ്റേഡിയത്തിന് സമീപം അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ബഹുനില മന്ദിരം നിർമ്മിച്ചു.

10 ലക്ഷം രൂപ വിനിയോഗിച്ച് പറക്കോട്ട് മൃഗാശുപത്രിയുടെ സബ് സെന്റർ നിർമ്മാണം തുടങ്ങി.

അടൂർ നഗരസഭാ ഹോമിയോ ആശുപത്രി കെട്ടിട നിർമ്മാണം പുരോഗമിക്കുന്നു.

അടൂർ ജനറൽ ആശുപത്രി മോർച്ചറി നവീകരിച്ചു. മൃതദേഹം സൂക്ഷിക്കുന്നതിനുള്ള ഫ്രീസിംഗ് സംവിധാനം ഒരുക്കി. ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചു. ട്രോമോകെയർ യൂണിറ്റിന്റെ നിർമ്മാണം അവസാന ഘട്ടത്തിലായി.

പാമ്പേറ്റുകുളം നവീകരിച്ച് അതിന് സമീപത്തായി നിർമ്മിക്കുന്ന സാംസ്കാരിക നിലയത്തിന്റെ പണി അവസാനഘട്ടത്തിൽ.

ടൗൺഹാൾ നിന്നിരുന്ന സ്ഥലം നഗരസഭാ ആസ്തിയിൽ ചേർത്തു.

നഗരസഭയിലെ 3, 13, 14, 16 വാർഡുകളിലെ അങ്കണവാടികൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു.

സ്മാർട്ട് ക്ളാസ് റൂം പദ്ധതികൾക്ക് 11.7 ലക്ഷം രൂപ ചെലവഴിച്ചു.

ലൈഫ് പദ്ധതി പ്രകാരം 185 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചു.

മൂന്നാളം ഗവ. എൽ. പി സ്കൂളിന് പുതിയ ഒാഫീസ് മന്ദിരം നിർമ്മിച്ചു .

മികച്ച പ്രവർത്തനത്തിനുള്ള അഞ്ച് പുരസ്കാരങ്ങൾ ലഭിച്ചു.

വികസന മുരടിപ്പിന്റെ വർഷങ്ങൾ

വികസന മുടിപ്പിന്റെ അഞ്ചു വർഷങ്ങളാണ് നഗരസഭയിൽ ഉണ്ടായത്. തികച്ചും ദയനീയമായ ഭരണമായിരുന്നു. നഷ്ടങ്ങളുടെ കണക്കുകൾ മാത്രമാണുള്ളത്. ജില്ലയില പ്രധാന ഇടം എന്ന നിലയിൽ അതിന് അനുസരിച്ച് വികസനം കൊണ്ടുവരാൻകഴിഞ്ഞില്ല.

പുതിയ നഗരസഭാ മന്ദിരത്തിന് ശിലാസ്ഥാപനം നടത്തിയിട്ട് മൂന്ന് വർഷത്തിലേറെയായി. അത് യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞില്ല. .

റവന്യൂ വകുപ്പിൽ നിന്നും വിട്ടുകിട്ടിയ പഴയ ടൗൺ ഹാൾ പരിസരം പാർക്കിംഗ് കേന്ദ്രമായി.

നഗരസഭാ സ്റ്റഡിയത്തിനായി വർഷങ്ങൾക്ക് മുമ്പ് വാങ്ങിയ സ്ഥലം കാടുകയറിക്കിടക്കുകയാണ്.

വഴി വിളക്കുകൾ പ്രകാശിപ്പിക്കാൻ നടപടിയില്ല.

പൊതുശ്മശാനം സ്ഥാപിക്കാനുള്ള പദ്ധതി എങ്ങുമെത്തിയില്ല.

ഖരമാലിന്യം സംസ്കരിക്കാൻ സംവിധാനമില്ല

നഗരത്തിലെ പാർക്കിംഗ് സ്ഥലങ്ങൾ വേർതിരിച്ചിടുന്നതിന് സാധിച്ചില്ല.

300 കടകളിൽ കൂടുതൽ അനധികൃതമാണെന്ന് തിരിച്ചറിഞ്ഞിട്ടും അവയുടെ നികുതി വാങ്ങുന്നതിനോ,ലൈസൻസ് നൽകുന്നതിനോ കഴിഞ്ഞിട്ടില്ല.

ഉമ്മൻ തോമസ്

യു. ഡി. എഫ് പാലർമെന്ററി പാർട്ടി ലീഡർ