kk

പത്തനംതിട്ട: ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലെ അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള സംവരണ പട്ടിക പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ വനിതാ സംവരണമായിരുന്ന ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനം ഇത്തവണ ജനറൽ വിഭാഗത്തിനാണ്.

ജില്ലയിലെ നാല് നഗരസഭകളിൽ ഇത്തവണ തിരുവല്ലയിൽ മാത്രമാണ് വനിതാ സംവരണം. കഴിഞ്ഞതവണ സംവരണ പട്ടികയിലായിരുന്ന മറ്റ് മൂന്ന് നഗരസഭകളും ജനറൽ പട്ടികയിലായി.

ബ്ലോക്ക് പഞ്ചായത്ത്

പുളിക്കീഴ്, കോയിപ്രം, ഇലന്തൂർ, കോന്നി എന്നിവിടങ്ങളിൽ അദ്ധ്യക്ഷ സ്ഥാനം വനിതയ്ക്ക്. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടികജാതിക്കാർക്ക്.

29 ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനങ്ങൾ സംവരണം

ജില്ലയിലെ 53 ഗ്രാമ പഞ്ചായത്തുകളിൽ 29 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംവരണമാണ്. 24 സ്ഥാനങ്ങൾ വനിതകൾക്ക്. രണ്ടു സ്ഥാനങ്ങൾ പട്ടികജാതിക്ക്. മൂന്നിടത്ത് പട്ടികജാതി വനിതകൾ.

പട്ടികജാതി സ്ത്രീ സംവരണം : കോയിപ്രം, കുളനട, ഏഴംകുളം പഞ്ചായത്തുകൾ.

പട്ടികജാതി സംവരണം: കടപ്ര, പ്രമാടം.

വനിതാ സംവരണം: കഴിഞ്ഞതവണ ജനറൽ വിഭാഗത്തിലായിരുന്ന ആനിക്കാട്, കല്ലൂപ്പാറ, കുന്നന്താനം, മല്ലപ്പള്ളി, നെടുമ്പ്രം, അയിരൂർ, എഴുമറ്റൂർ, ഇലന്തൂർ, മല്ലപ്പുഴശേരി, നാരങ്ങാനം, പഴവങ്ങാടി, അങ്ങാടി, വടശേരിക്കര, നാറാണംമൂഴി, കോന്നി, അരുവാപ്പുലം, മൈലപ്ര, മലയാലപ്പുഴ, തുമ്പമൺ, ആറന്മുള, മെഴുവേലി, കടമ്പനാട്, കലഞ്ഞൂർ, പള്ളിക്കൽ ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനങ്ങൾ വനിതകൾക്കായി സംവരണം ചെയ്തു.

പ്രമുഖ നേതാക്കൾ ജില്ലാ പഞ്ചായത്തിലേക്ക്

ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലക്ക് മത്സരിക്കാൻ പ്രമുഖ നേതാക്കളെ എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും രംഗത്തിറക്കും.

എൽ.ഡി.എഫിൽ സി.പി.എമ്മിൽ നിന്ന് പി.ബി. ഹർഷകുമാർ, പ്രൊഫ. ടി.കെ.ജി നായർ, അഡ്വ. ഒാമല്ലൂർ ശങ്കരൻ, പി. ആർ. പ്രദീപ്, ആർ.ബി.രാജീവ് കുമാർ, അജയകുമാർ, ടി.ഡി.ബൈജു, സഞ്ജു, എസ്.വി സുബിൻ, രേഖ അനിൽ, മായാ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ മത്സരിക്കാൻ സാദ്ധ്യതയുള്ളവരുടെ പട്ടികയിലുണ്ട്.

യു.ഡി.എഫിൽ നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ ദേവി, വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ, മുൻ പ്രസിഡന്റ് ഡോ. സജി ചാക്കോ, മുൻ അംഗം പഴകുളം മധു, ഡി.സി.സി ജനറൽ സെക്രട്ടറി സാമുവേൽ കിഴക്കുപുറം, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.ബി.സത്യൻ, പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ, കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ, സ്റ്റെല്ലാ തോമസ്, എസ്.വി പ്രസന്നകുമാർ, ഹരികുമാർ പൂതങ്കര, റജി പൂവത്തൂർ, വെട്ടൂർ ജ്യോതിപ്രസാദ്, ഏഴംകുളം അജു. തോപ്പിൽ ഗോപകുമാർ, സി.കൃഷ്ണകുമാർ, അഡ്വ. കെ. ഉദയഭാനു തുടങ്ങിയവരുടെ പേരുകൾ പരിഗണിക്കുന്നു.

എൻ.ഡി.എയിൽ നിന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട, ആറൻമുള നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഒാമല്ലൂർ, കോയിപ്രം ബ്ളോക്ക് പഞ്ചായത്തംഗം അജയകുമാർ വല്യുഴത്തിൽ, ജില്ലാ ഭാരവാഹികളായ ടി.ഒ സൂരജ്, ഹരികൃഷ്ണൻ തുടങ്ങിയവർ സ്ഥാനാർത്ഥികളുടെ സാദ്ധ്യതാ പട്ടികയിലുണ്ട്. ബി.ഡി.ജെ.എസിൽ നിന്ന് ജില്ലാ സെക്രട്ടറിമാരായ ബോബി കാക്കാനപ്പള്ളി, അഡ്വ. പി.സി.ഹരി തുടങ്ങിയവരെ പരിഗണിക്കുന്നു. രണ്ട് വനിതാ സ്ഥാനാർത്ഥികളുമുണ്ടാകും.