kk

കോന്നി : തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോന്നി ഗവ. മെഡിക്കൽ കോളേജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ താത്കാലികമായി നിറുത്തി. ഇതര സംസ്ഥാന കരാർ തൊഴിലാളികളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ചത്.

മൂന്ന് ദിവസം മുമ്പ് പണികൾക്കിടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച രണ്ട് തൊഴിലാളികളെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയപ്പോൾ ഫലം പോസിറ്റീവ് ആയിരുന്നു. തുടർന്ന് ഇവരുമായി ഏറ്റവും അടുത്ത് സമ്പർക്കത്തിലുള്ളവരിലും പരിശോധന നടത്തി. ഇതിൽ പലർക്കും പോസിറ്റീവാണ്. മറ്റുള്ളവരോട് നിരീക്ഷണത്തിൽ കഴിയാനും നിർദ്ദേശം നൽകി. ഇതോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിറുത്തിവെയ്ക്കാൻ കരാർ കമ്പനിക്ക് അധികൃതർ നിർദ്ദേശം നൽകിയത്.

കൂടുതൽ പരിശോധന നടത്തും

എല്ലാ തൊഴിലാളികളിലും വരും ദിവസങ്ങളിൽ ആരോഗ്യ വകുപ്പ് കൊവിഡ് പരിശോധന നടത്തും. ഇതിൽ രോഗമില്ലാത്തവരെ മാത്രം ഉൾപ്പെടുത്തി എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് പിന്നീട് പണികൾ പുനരാരംഭിക്കും. ആശുപത്രി ജീവനക്കാരിൽ ഇന്നലെ ഭാഗികമായി റാപ്പിഡ് ടെസ്റ്റ് നടത്തിയെങ്കിലും ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ നിർമ്മാണ തൊഴിലാളികളുമായി സമ്പർക്കമുണ്ടായിരുന്ന സെക്യൂരിറ്റി ഉൾപ്പടെയുള്ള ചില ആശുപത്രി ജീവനക്കാരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

സമീപ ജീല്ലകളിൽ നിന്ന് ഉൾപ്പടെ നിരവധി രോഗികളാണ് ദൈനംദിനം ഒ.പിയിൽ എത്തുന്നത്. ഇവരിൽ ഭൂരിഭാഗവും വയോജനങ്ങളും ഗുരുതരരോഗങ്ങൾക്ക് ചികിത്സ തേടുന്നവരുമാണ്. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ തൊഴിലാളികൾ ആശുപത്രി ജീവനക്കാരുമായും ഗ്രൗണ്ടിലൂടെ പോകുന്ന രോഗികളുമായും അടുത്തിടപെഴകിയിട്ടുണ്ടാകാം. ഒ.പി സമയത്തിന് ശേഷം ഇവർ ഈ കെട്ടിടത്തിൽ പണികൾക്കും എത്തിയിട്ടുണ്ട്. രോഗവ്യാപനമുണ്ടായാൽ ഒ.പിയുടെ പ്രവർത്തനത്തിൽ ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതർ ആരോഗ്യ വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്. കർശന പരിശോധനകൾക്ക് ശേഷം എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഇന്നലെ രോഗികളെ ഒ.പിയിലേക്ക് കടത്തിവിട്ടത്. ഇടയ്ക്കിടെ അണുനശീകരണവും നടത്തുന്നുണ്ട്.

ആശങ്കപ്പെടേണ്ട : അധികൃതർ

നിർമ്മാണ തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് കരുതി ഒ.പിയുടെ പ്രവർത്തനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. എല്ലാവിധ സുരക്ഷാ മുൻകരുതലുകളും പാലിച്ചാണ് ഒ.പി പ്രവർത്തിക്കുന്നത്. സാനിറ്റൈസറും തെൽമെൽ സ്കാനറുമെല്ലാം സജ്ജമാക്കിയിട്ടുണ്ട്. നിർമ്മാണ തൊഴിലാളികൾ ആശുപത്രി ജീവനക്കാരുമായോ ഒ.പിയുമായോ ബന്ധപ്പെടാറില്ല.

286 തസ്തികകൾ കൂടി

തിരുവനന്തപുരം: കോന്നി മെഡിക്കൽകോളേജിൽ 286 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 26 അധ്യാപക തസ്തികകളും 260 അനദ്ധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്.

2 പ്രൊഫസർ, 2 അസോസിയേറ്റ് പ്രൊഫസർ, 7 അസി. പ്രൊഫസർ, 6 സീനിയർ റെസിഡന്റ്, 9 ജൂനിയർ റെസിഡന്റ് എന്നിങ്ങനെയാണ് അദ്ധ്യാപക തസ്തികകൾ . ഒരു അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, ഒരു സീനിയർ സൂപ്രണ്ട്, 2 ക്ലാർക്ക്, ഒരു നഴ്‌സിംഗ് സൂപ്രണ്ട് ഗ്രേഡ് ഒന്ന്, ഒരു നഴ്‌സിംഗ് സൂപ്രണ്ട് ഗ്രേഡ് രണ്ട്, 4 ഹെഡ് നഴ്‌സ്, 75 സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട്, 6 ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട്, 10 നഴ്‌സിംഗ് അസിസ്റ്റന്റ്, 10 നഴ്‌സിംഗ് അസിസ്റ്റന്റ് ഗ്രേഡ് ഒന്ന്, 9 ലാബ് ടെക്‌നീഷ്യൻ ഗ്രേഡ് രണ്ട്, 35ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് രണ്ട്, 25 പാർട്ട് ടൈം സ്വീപ്പർ, 30 സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് രണ്ട് എന്നിങ്ങനെ 41 വിവിധ വിഭാഗങ്ങളിലായാണ് അനദ്ധ്യാപക തസ്തികകൾ