തിരുവല്ല: ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവല്ല അസംബ്ലി നിയോജകമണ്ഡലത്തിലെ 11 ഗ്രാമ പഞ്ചായത്തുകളിലെ കുടുംബങ്ങൾക്ക് കുടിവെളള കണക്ഷൻ ലഭ്യമാക്കുന്ന പദ്ധതിക്ക് ഇന്ന് തുടക്കമാകും. തിരുവല്ല നിയോജകമണ്ഡലത്തിലെ 7009 കുടുംബങ്ങളിൽ കുടിവെള്ളം എത്തിക്കാൻ 12.39 കോടിയുടെ ഭരണാനുമതി ലഭിച്ചു. നെടുമ്പ്രം, പെരിങ്ങര, കടപ്ര,നിരണം,കുറ്റൂർ,കവിയൂർ, കുന്നന്താനം,കല്ലൂപ്പാറ, മല്ലപ്പള്ളി, പുറമറ്റം, ആനിക്കാട് പഞ്ചായത്തുകൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. ജലജീവൻ മിഷൻ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കുറ്റൂർ ജംഗ്ഷനിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. മാത്യു ടി.തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനം ഇന്ന്
തിരുവല്ല: നവീകരിക്കുന്ന തിരുവല്ല- ചങ്ങനാശേരി കുടിവെള്ള പദ്ധതിയുടെ ഭാഗമായി തിരുവല്ലയിൽ നിർമ്മിച്ച ജില്ലാ ഓഫീസ് കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.കൃഷ്ണൻകുട്ടി ഇന്ന് വൈകിട്ട് അഞ്ചിന് നിർവഹിക്കും. കിഫ് ബി പദ്ധതി പ്രകാരം 58 കോടി രൂപ ചെലവഴിച്ച് തിരുവല്ല - ചങ്ങനാശേരി കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി 7.8 കോടി രൂപ ചെലവഴിച്ചാണ് കെട്ടിട സമുച്ചയം നിർമ്മിച്ചിരിക്കുന്നത്. പുതിയതായി നിർമ്മിച്ച 22 ദശലക്ഷം ശേഷിയുള്ള ജലസംഭരണിക്ക് കീഴിൽ നാല് നിലകളിലായാണ് ഓഫീസ് സമുച്ചയം നിർമ്മിച്ചിരിക്കുന്നത്. തിരുവല്ലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പി.എച്ച് സർക്കിൾ ഓഫീസ്, സബ്ഡിവിഷൻ ഓഫീസ്, സെക്ഷൻ ഓഫീസുകൾ എന്നിവ പുതിയ കെട്ടിടത്തിലേക്ക് മാറ്റും. സെക്ഷൻ ഓഫീസിന് അനുബന്ധമായി ആറ് ഉപഭോക്തൃസൗഹൃദ ബില്ലിംഗ് കൗണ്ടറുകളും കൂടാതെ കെട്ടിട സമുച്ചയത്തിൽ 4300 ചതുരശ്രഅടി വിസ്തൃതിയുള്ള കോൺഫറൻസ് ഹാളും ശീതികരിച്ച നാല് വിശ്രമമുറികളുമുണ്ട്. ഓഫീസ് സമുച്ചയം സ്ഥിതിചെയ്യുന്ന ടാങ്കിന് മുകളിലായി 55 കിലോ വാട്ട് ഉൽപ്പാദന ശേഷിയുള്ള സൗരോർജ്ജ പാനലുകളും സജ്ജമാക്കിയിട്ടുണ്ട്.
നെടുമ്പ്രം, പെരിങ്ങര, കടപ്ര,നിരണം,കുറ്റൂർ,കവിയൂർ, കുന്നന്താനം,കല്ലൂപ്പാറ, മല്ലപ്പള്ളി,
പുറമറ്റം, ആനിക്കാട് പഞ്ചായത്തുകൾക്ക് പദ്ധതിയുടെ ഗുണം
-12.39 കോടിയുടെ ഭരണാനുമതി