പത്തനംതിട്ട- ജനറൽ ആശുപത്രിയിലേക്ക് അടിസ്ഥാന ജീവൻരക്ഷാ സജ്ജീകരണങ്ങളോടെ ബി.എൽ.എസ് ആംബുലൻസ് എത്തി. വീണാ ജോർജ് എം.എൽ.എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 21 ലക്ഷം രൂപ അനുവദിച്ചാണ് ആംബുലൻസ് വാങ്ങിയത്. ആശുപത്രിയിൽ അത്യാസന്ന ഘട്ടങ്ങളിൽ ലഭ്യമാക്കേണ്ട ചികിത്സകൾ ആംബുലൻസിൽ ലഭിക്കും . ഓക്‌സിജൻ സിലിണ്ടർ അടക്കമുള്ള സംവിധാനങ്ങളോടെയാണ് ആംബുലൻസിന്റെ ഉൾവശം. കാർഡിയാക് മോണിറ്ററിംഗ് സംവിധാനവും ലഭിക്കും. രോഗിയെയും കൊണ്ട് ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ അടിയന്തര വൈദ്യ സഹായം നൽകാൻ കഴിയും. മെഡിക്കൽ സ്റ്റാഫ് അടക്കം ആറു പേർക്ക് യാത്രാസൗകര്യം ഉണ്ട്.
വീണാജോർജ് എം.എൽ.എ ഫ്ളാഗ് ഒാഫ് ചെയ്തു. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ എം.ജെ. രവി, പി.കെ. ജേക്കബ്, ഷാഹുൽ ഹമീദ്, സത്യൻ കണ്ണങ്കര, ജയപ്രകാശ്, നൗഷാദ് കണ്ണങ്കര, അബ്ദുൾ ഷുക്കൂർ, ഡിഎംഒ ഡോ. എ.എൽ. ഷീജ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എബി സുഷൻ, ആശുപത്രി സൂപ്രണ്ട് ഡോക്ടർ എം. സാജൻ മാത്യൂസ്, ആർഎംഒ ഡോ.ആശിഷ് മോഹൻകുമാർ തുടങ്ങിയവർ പങ്കെടുത്തു.