തിരുവല്ല: വെൺപാല,തെങ്ങേലി നിവാസികളുടെ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പനച്ചമൂട്ടിൽകടവ്, ഓട്ടാഫിസ് കടവ് പാലങ്ങൾ നിർമ്മാണം പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുനൽകി. കുറ്റൂർ പഞ്ചായത്തിലാണ് പനച്ചമൂട്ടിൽ കടവ് പാലം. ഓട്ടാഫിസ് കടവ് പാലം നെടുമ്പ്രം പഞ്ചായത്തിലും.മന്ത്രി ജി.സുധാകരൻ ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു. മാത്യു ടി..തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മണിമലയാറിന് കുറുകെ പദേശി കടവ് പാലത്തിന്റെ നിർമ്മാണം കൂടി പൂർത്തിയാകുന്നതോടെ തിരുവല്ല - കായംകുളം സംസ്ഥാനപാതയിലെ
ഗതാഗത പ്രശ്നങ്ങൾക്കും പരിഹാരമാകും.
പനച്ചമൂട്ടിൽ കടവ് പാലം
ചെലവ് - 4.1കോടി
സ്പാനുകൾ 3
നീളം 71.4 മീറ്റർ
വീതി 8.45 മീറ്റർ
സൗജന്യമായി സ്ഥലം ലഭ്യമായതിനാൽ അപ്രോച്ച് റോഡ് നിർമ്മാണത്തിനായി രണ്ടുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. സുരക്ഷിതമായ വാഹനഗതാഗതത്തിനായി ബ്രോക്കൺ പാരപ്പെറ്റുകളും സൗജന്യമായി സ്ഥലം വിട്ടുനൽകിയ ഭൂവുടമകൾക്ക് വീടുകളിലേക്ക് ഇറങ്ങാൻ റാമ്പുകളും നിർമ്മിച്ചുനൽകി. ഈപ്രദേശത്ത് തുടർച്ചയായി ഉണ്ടായ വെള്ളപ്പൊക്കവും അപ്രോച്ച് റോഡിന്റെ സ്ഥലമേറ്റെടുക്കൽ സംബന്ധിച്ച തർക്കങ്ങളും മൂലമാണ് നിർമ്മാണം പൂർത്തിയാകാൻ വൈകിയത്.
ഓട്ടാഫിസ് കടവ് പാലം
ചെലവ് 3.45 കോടി
നീളം 25.32മീറ്റർ
വീതി 11.05 മീറ്റർ
പാലത്തിന്റെ പ്രയോജനം പൂർണമായി ലഭിക്കാൻ റോഡിന്റെ 220 മീറ്റർ കൂടി നവീകരിക്കണം. അതിനായി എം.എൽ.എയുടെ ഫണ്ടിൽ നിന്ന് 26.08 ലക്ഷം അനുവദിച്ച് പ്രവർത്തനം നടന്നുവരികയാണ്. നെടുമ്പ്രം പഞ്ചായത്തിലെ പൊടിയാടികല്ലുങ്കൽ കരകളെ ബന്ധിപ്പിക്കുന്ന ഓട്ടാഫീസ് കടവ് പാലം പ്രളയങ്ങളിൽ പൊതുവെ ഒറ്റപ്പെട്ടുപോകാറുള്ള കല്ലുങ്കൽ നിവാസികൾക്ക് നഗരത്തിലേക്ക് കടക്കാനുള്ള ഒരു രക്ഷാമാർഗവുമാണ്. വെള്ളപ്പൊക്കവും അപ്രോച്ച് റോഡിന്റെ സ്ഥലമേറ്റെടുക്കൽ സംബന്ധിച്ച വ്യവഹാരങ്ങളിൽ കോടതി തീരുമാനത്തിൽ നേരിട്ട കാലതാമസവും മൂലമാണ് നിർമ്മാണം പൂർത്തിയാകാൻ വൈകിയത്.