leela
ലീലാ മോഹൻ

പത്തനംതിട്ട : പൊതുവിദ്യാലയത്തിൽ കുട്ടികൾ കുറയുന്നതിന്റെ പ്രധാനകാരണം അടിസ്ഥാന സൗകര്യമില്ലായ്മയാണ്. അത് കൊണ്ട് തന്നെ അദ്ധ്യാപിക കൂടിയായ ഇലന്തൂർ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ലീലാ മോഹൻ ആദ്യം പരിഗണന നൽകിയതും വിദ്യാഭ്യാസത്തിനും സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾക്കുമാണ്. അദ്ധ്യാപിക ആയിരുന്നത് കൊണ്ട് പരിമിതികളെക്കുറിച്ച് അറിയാമായിരുന്നെന്ന് ലീലാ മോഹൻ പറയുന്നു. ഓമല്ലൂർഗവ. എച്ച്.എസ്.എസിനും വാഴമുട്ടം യുപി സ്കൂളിനും 1.62 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് നടത്തിയത്. ക്ലാസ്റൂം നവീകരണം, ഇന്റർലോക്ക്, ലാബ് നവീകരണം, ചുറ്റുമതിൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് സ്കൂളുകളിൽ നടപ്പാക്കിയത്. ആറന്മുള സ്കൂളിൽ അമ്പത് ലക്ഷംരൂപ ചെലവഴിച്ച് അടുക്കള, ഡൈനിംഗ് ഹാൾ,ചുറ്റുമതിൽ എന്നിവ നിർമ്മിച്ച് നൽകി. അതൊടൊപ്പം സ്ത്രീകളുടെ ഉന്നമനത്തിനും കർഷകർക്കുമായി വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കി.

മറ്റ് പദ്ധതികൾ

-വനിതാ ക്ഷേമത്തിന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങൾക്കായി കിയോസ്ക് സ്ഥാപിച്ചു.

-ഇലന്തൂർ പട്ടിക ജാതി കോളനിയിൽ 15 ലക്ഷം രൂപ ചെലവഴിച്ച് സാംസ്കാരിക നിലയവും പഠനമുറിയും സ്ഥാപിച്ചു.

-കൊല്ലം പാറ ലക്ഷം വീട് കോളനിയിൽ പട്ടികജാതി വനിതകൾക്കായി തൊഴിൽ പരിശീലന കേന്ദ്രം ആരംഭിച്ചു.

-കുടിവെള്ളത്തിന് മാത്രം 75 ലക്ഷം രൂപ ചെലവഴിച്ചു.

-രണ്ട് അങ്കണവാടി കെട്ടിടം നിർമ്മിച്ചു.

-ഇടവിള കൃഷിയും സമഗ്ര വാഴകൃഷിയ്ക്കുമായി 40 ലക്ഷം രൂപ ചെലവഴിച്ചു

-ഓമല്ലൂർ ഓപ്പൺ എയർ ഓഡിറ്റോറിയത്തിനായി 19 ലക്ഷം രൂപ ചെലവാക്കി.

-ഇലന്തൂർ - ഇടപ്പെരിയാരം റോഡിന് 50 ലക്ഷം രൂപ ചെലവഴിച്ചു.

എല്ലാ മേഖലയിലും വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. വിദ്യാഭ്യാസവും സ്ത്രീകൾക്കായുള്ള പദ്ധതിയ്ക്കുമാണ് മുൻതൂക്കം നൽകിയത്.

(ലീലാ മോഹൻ)

--------------

വികസനമില്ല പൂർണ പരാജയം : എസ്.നിർമ്മലാദേവി

ഇലന്തൂർ ഡിവിഷനിൽ ഒരു തരത്തിലുള്ള വികസനപ്രവർത്തനങ്ങളും കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ നടന്നിട്ടില്ലെന്ന് സി.പി.എം ജില്ലാ കമ്മിറ്റിയംഗം എസ്.നിർമ്മലാദേവി പറയുന്നു. പുന്നലത്തുപടി - ചിറക്കാല റോഡ് നവീകരണത്തിനായി നിരവധി തവണ അപേക്ഷ സമർപ്പിച്ചെങ്കിലും നിസംഗമനോഭാവമാണ് ഇലന്തൂർ ഡിവിഷൻ കാണിച്ചത്. ജനങ്ങളുടെ ഒരു പരാതിയും അവർ പരിഗണിക്കാറില്ല. ഇലന്തൂർ - പൂക്കോട് റോഡ്, ഇല്ലത്ത് പടി- നാഗവര റോഡ് തുടങ്ങിയവ ജില്ലാ പഞ്ചായത്തിന്റെ റോഡാണ് . ഈ റോഡുകളിൽ എങ്ങും യാതോരു നവീകരണവും ഉണ്ടായിട്ടില്ല.

ഏറ്റവും വലിയ പ്രശ്നം കുടിവെള്ളമാണ്. ഇതുവരെ അതിനൊരു പരിഹാരം കാണാൻ ഇലന്തൂർ ഡിവിഷന് കഴിഞ്ഞിട്ടില്ല. എം.എൽ.എ ഫണ്ടിൽ നിന്നും സർക്കാരിൽ നിന്നും ലഭിച്ചിട്ടുള്ള ഫണ്ട് ഉപയോഗിച്ചാണ് തരിശ് ഇടങ്ങളിൽ കൃഷി നടത്തിയത്.സ്കൂൾ നവീകരണവും അങ്ങനെ തന്നെ.

സ്വയം തൊഴിൽ രംഗത്തോ കാർഷിക രംഗത്തോ ഒരു തരത്തിലുള്ള പദ്ധതികളും

ആരോഗ്യമേഖലയിലും സംഭാവനകൾ ഒന്നുമില്ല.

-------------------

"മെമ്പറിന്റെ സാന്നിദ്ധ്യം പോലും ഡിവിഷനിൽ ഉണ്ടാവുന്നില്ല. ഇലന്തൂർ ഗവ. സ്കൂളിലേക്ക് തിരിഞ്ഞ് പോലും നോക്കിയിട്ടില്ല. ഗ്രാമസഭകളിൽ പോലും പങ്കെടുക്കില്ല. ജയിച്ചതിന് ശേഷം നാട്ടുകാർ കണ്ടിട്ടുപോലുമില്ലെന്നാ പറയുന്നത്. ഇങ്ങനെയുള്ള ഒരു ജനപ്രതിനിധി എങ്ങനെയാണ് ഭരണം നടത്തുന്നത്. "

എസ്.നിർമ്മലാ ദേവി

(സി.പി.എം ജില്ലാ കമ്മിറ്റി അംഗം)