പത്തനംതിട്ട : കൊവിഡ് പ്രതിസന്ധി വിദ്യാഭ്യാസത്തെ ബാധിക്കാതിരിക്കാനാണ് സർക്കാർ ഓൺലൈൻ പഠന പദ്ധതി തയാറാക്കിയത്. എന്നാൽ ഇത് കുട്ടികളിൽ ചിലർ ദുരുപയോഗം ചെയ്യുകയാണ്. പഠിക്കുന്നവർ പഠിക്കും അല്ലാത്തവർ മിണ്ടാതിരിക്കുമെന്നാണ് അദ്ധ്യാപകർ പറയുന്നത്. മിക്ക വീടുകളിലും രാവിലെ അച്ഛനും അമ്മയും ജോലിയ്ക്ക് പോയി കഴിഞ്ഞാൽ കുട്ടികൾ തനിച്ചാണ്. ഓൺലൈൻ ക്ലാസ് എന്ന് പറഞ്ഞ് കുട്ടികൾ പഠിക്കാനിരിക്കുന്നുവെന്ന് വിചാരിച്ച് മറ്റുള്ളവർ അവരെ ശല്യപ്പെടുത്താതെ മാറും. എന്നാൽ കുട്ടികളിൽ പലരും ഗെയിം കളിക്കുകയും ഗ്രൂപ്പുണ്ടാക്കി ചാറ്റ് ചെയ്യുകയുമൊക്കെ ചെയ്യുന്നുണ്ട്. ക്ലാസിൽ കുട്ടികൾ ഇല്ലായിരുന്നുവെന്ന് അദ്ധ്യാപകർ പറഞ്ഞാണ് രക്ഷിതാക്കൾ അറിയുന്നത്.
അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രതികരണം
"കുഞ്ഞുകുട്ടികളെ ഓൺലൈൻ വഴി പഠിപ്പിക്കാൻ ബുദ്ധിമുട്ടാണ്. രക്ഷിതാക്കൾ ആരെങ്കിലും ഒപ്പമുണ്ടേൽ അവർ പഠിക്കും. അല്ലാത്തവർ കളിച്ച് നടക്കും. ഓൺലൈൻ ക്ലാസ് കൂടി ഇല്ലായിരുന്നെങ്കിൽ അക്ഷരം പോലും അവർ പഠിക്കില്ല. നെറ്റ് ഉണ്ടാവില്ല ചിലർക്ക്. ടി.വി കാണാൻ പറ്റിയിട്ടുണ്ടാവില്ല. കുട്ടികൾക്ക് എത്രത്തോളം മനസിലാക്കുന്നുണ്ടെന്ന് അദ്ധ്യാപകർക്ക് മനസിലാവില്ല. "
ബിജിലി ഈശോ (എൽ.പി സ്കൂൾ അദ്ധ്യാപിക)
"ഓൺലൈൻ ക്ലാസുകൾ പഠിക്കുന്നവർക്ക് നല്ലതാണ്. അല്ലാത്തവർ മനസിലാക്കുന്നുണ്ടോയെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. വിളിച്ച് ചോദിക്കുമ്പോൾ മനസിലായി സാറെ എന്ന് പറയും. പരീക്ഷ ഇട്ട് കുട്ടികൾക്ക് മെന്റൽ സ്ട്രസ് കൊടുക്കരുതെന്നാണ് നിർദേശം. രക്ഷകർത്താക്കൾക്ക് എല്ലാം പരീക്ഷ ഇടണമെന്നാണ്. പക്ഷെ കുട്ടികൾക്ക് എങ്ങനെ മനസിലായി എന്ന് അറിയാൻ ബുദ്ധിമുട്ടാണ്."
എസ്. രമേശ് (ഹൈസ്കൂൾ അദ്ധ്യാപകൻ)
"ചിലർക്ക് തമാശ പോലെയാണ്. പഠിക്കുന്നവർ പഠിക്കും. അല്ലാത്തവർ മിണ്ടാതിരിക്കും. ദുരുപയോഗം ഉണ്ട്. വീഡിയോയും ഗെയിമും ഒക്കെ കാണുന്നവർ ഉണ്ട്. മുതിർന്ന കുട്ടികളെ വീട്ടുകാരും അധികം ശ്രദ്ധിക്കാറില്ല. കുട്ടികൾ വീഡിയോ ഒഫ് ആക്കിയിട്ട് മാറും. വീട്ടുകാർക്ക് അത്ര ബോധ്യമില്ല ഇവർ എന്താണ് ചെയ്യുന്നതെന്ന്. "
മാണികുര്യൻ (ഹയർസെക്കൻഡറി അദ്ധ്യാപകൻ)
"ഇടയ്ക്ക് ശ്രദ്ധിക്കാറുണ്ട്. പഠിക്കുന്നത് കാണാം. ചില ചോദ്യങ്ങൾ ഒക്കെ ചോദിക്കുമ്പോ ഉത്തരം പറയാറുണ്ട്. പക്ഷെ ഒരു വീഡിയോ കാണുന്ന ലാഘവത്തോടെയാണ് അവർ കാണുന്നത്. മനസിലാകുന്നുണ്ടെന്ന് പറയും. പരീക്ഷ ഇല്ലാത്തതിനാൽ പഠിക്കുന്നുണ്ടോയെന്ന് അറിയില്ല ."
വിനീത ജോജി (ഹൈസ്കൂൾ വിദ്യാർത്ഥിയുടെ മാതാവ്)
"രണ്ട് മക്കളുണ്ട് ഒരാൾ ഒന്നിലും മറ്റേയാൾ മൂന്നിലും. രണ്ട് പേർക്കും എപ്പോഴും കളിയാണ്. ഇടയ്ക്ക് പഠിക്കാൻ ഇരിക്കും. ചിലത് മനസിലാകുന്നുണ്ടെന്ന് പറയും. രണ്ട് പേർ ഉള്ളത് കൊണ്ട് ടി.വി അത്ര നന്നായി ഉപയോഗിക്കാൻ പറ്റില്ല. ഒരാൾ പഠിക്കുമ്പോ മറ്റേയാൾ ബഹളം വയ്ക്കും. നെറ്റ് രണ്ട് പേർക്കുമാകുമ്പോൾ ബുദ്ധിമുട്ടാണ്. "
ഷീന എസ്. (രക്ഷിതാവ്)