06-almarram

കൂടൽ: കൂടൽ ജംഗ്ഷനിൽ പതിറ്റാണ്ടുകളായി തണലേകുന്ന ആൽമരം പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാത വികസനത്തിന്റെ ഭാഗമായി മുറിച്ച് മാറ്റേണ്ടി വരും. തലമുറകൾക്ക് തണലേകുന്ന ആൽമരത്തിന് നിരവധി കഥകളാണ് പറയാനുള്ളത്, മരം മുറിച്ചു നീക്കുന്നതിൽ പ്രദേശവാസികൾ സങ്കടത്തിലുമാണ്.

ആളുകൾ ഒത്തു കുടിയിരുന്ന പ്രദേശമെന്ന നിലയിലാണ് കാർഷിക ഗ്രാമത്തിന് കൂടൽ എന്ന പേരു വന്നതെന്ന് പറയപ്പെടുന്നു. ഗതാഗത സൗകര്യങ്ങളും വാർത്തവിനിമയ സൗകര്യങ്ങളും പരിമിതമായ സമയത്ത് നാട്ടുകാർ രാവിലെയും വൈകിട്ടും ഒത്തുകൂടുകയും നാട്ടുവിശേഷങ്ങളും കാർഷീക ചർച്ചകളും നടത്തുന്ന പതിവുണ്ടായിരുന്നു. കുഴിയായി കിടന്ന സ്ഥലത്ത് 85 വർഷങ്ങൾക്ക് മുൻപ് ആൽമരത്തിന്റെ തൈ, കൂടൽ പലനിയിൽ തങ്കപ്പനുണ്ണിത്താനാണ് വച്ചുപിടിപ്പിച്ചതെന്ന് 89 വയസു പിന്നിട്ട കൂടൽ ഡാളി വിഹാറിൽ സുകുമാരൻ ഓർമ്മിക്കുന്നു. പിന്നീട് ആൽമരത്തിനൊപ്പം നാടും വളർന്നു. പുതിയ കെട്ടിടങ്ങൾ വന്നപ്പോൾ ആൽമരം നട്ട സ്ഥലത്തെ കുഴി മണ്ണ് വീണ് നികന്നു. ഒരു കാലത്ത് സമീപത്തെ വയലുകളിൽ പണിയെടുത്തിരുന്ന കർഷക തൊഴിലാളികൾ വിശ്രമിച്ചിരുന്നതും ആലിന്റെ ചുവട്ടിലായിരുന്നു. പല തരത്തിലുള്ള പക്ഷികൾ ഇതിൽ കൂട് കൂട്ടിയിരുന്നു. ഇപ്പോൾ കുടൽ ജംഗ്ഷനിലെ ഓട്ടോറിക്ഷാ സ്റ്റാൻഡ് പ്രവർത്തിക്കുന്നത് ഇൗ തണലിലാണ്. ആൽമരത്തിന്റെ തായ് തടിയിലും ശിഖരങ്ങളിലും മരവാഴകളും കിളിർത്ത് നിൽക്കുന്നു. നാടിന്റെ തണലായ ഇൗ മരം നഷ്ടമാകുന്നതിലുള്ള വേദന നാട്ടുകാർക്ക് ഏറെയാണ്.