06-kodikkunnil
കുടുംബശ്രീയുടെ സംസ്ഥാനത്തെ ആദ്യത്തെ ഷീലോഡ്ജ് കം ലേഡീസ് ഹോസ്റ്റൽ ചെങ്ങന്നൂർ നഗരസഭ വനിതാ വിശ്രമകേന്ദ്രത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യുന്നു നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ സമീപം.

ചെങ്ങന്നൂർ : സ്ത്രീകൾക്ക് സുരക്ഷിത താമസം ഉറപ്പുവരുത്തി ചെങ്ങന്നൂർ നഗരസഭ കുടുംബശ്രീ സംസ്ഥാനത്തെ ആദ്യത്തെ ഷീലോഡ്ജ് കം ലേഡീസ് ഹോസ്റ്റൽ ആരംഭിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടിവ് ഡയറക്ടർ എസ്.ഹരികിഷോർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ വൈസ് ചെയർപേഴ്‌സൺ വത്സമ്മ ഏബ്രഹാം, സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ശോഭാ വർഗീസ്, സുജാ ജോൺ, പി.കെ.അനിൽകുമാർ, സെക്രട്ടറി ജി.ഷെറി, ജില്ലാ മിഷൻ കോഓർഡിനേറ്റർ ജെ.പ്രശാന്ത് ബാബു, സി.ഡി.എസ് ചെയർപേഴ്‌സൺ വി.കെ.സരോജിനി, എൻ.യു.എൽ.എം സിറ്റിമിഷൻ മാനേജർ ലക്ഷ്മി പ്രിയദർശിനി, മൾട്ടി ടാസ്‌ക് പേഴ്‌സണൽ ടി.രാഹുൽ എന്നിവർ പ്രസംഗിച്ചു.

എട്ടു പേർക്ക് താമസിക്കാം

നഗരസഭയിലെ നാല് കുടുംബശ്രീ അംഗങ്ങൾ ചേർന്നുള്ള സംരംഭക യൂണിറ്റിനാണ് ഷീലോഡ്ജ് കം ലേഡീസ് ഹോസ്റ്റൽ നടത്തിപ്പിന്റെ ചുമതല. നിലവിൽ എട്ടു പേർക്ക് താമസിക്കാവുന്ന സൗകര്യമാണ് ഇവിടെയുള്ളത്. കൂടുതൽ പേർക്ക് താമസിക്കാനുള്ള സൗകര്യം ഡോർമെറ്ററി, എ.സി റൂം, എന്നിവയും ക്രമീകരിക്കും. നഗരത്തിൽ എത്തുന്ന സ്ത്രീകൾക്ക് ഒന്നോ അതിലധികമോ ദിവസം താമസിക്കാനുള്ള സൗകര്യത്തിനു പുറമെ പഠനത്തിനും ജോലിക്കുമായി എത്തുന്നവർക്ക് മാസവാടക ഇനത്തിൽ താമസിക്കാനുള്ള സൗകര്യവും ഇവിടെ ലഭിക്കും. ആദ്യഘട്ടത്തിൽ ചായയും ലഘുഭക്ഷണവും ഇവിടെ പാകം ചെയ്ത് നൽകുകയും മറ്റു ഭക്ഷണങ്ങൾ കുടുംബശ്രീയുടെ ജനകീയ ഹോട്ടലിൽ നിന്ന് എത്തിച്ചു നൽകുകയും ചെയ്യും. ടെലിഫോൺ ബുക്കിംഗിനു പുറമെ നേരിട്ടുള്ള ബുക്കിംഗിനുള്ള സൗകര്യവുമുണ്ട്. വൈകാതെ ഓൺലൈൻ ബുക്കിംഗും ആരംഭിക്കും.

റെയിൽവേ സ്റ്റേഷനും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനും സമീപത്തായതിനാൽ കൂടുതൽ പേർക്ക് സൗകര്യപ്രദമാകുന്ന രീതിയിൽ സുരക്ഷിത താമസം ഒരുക്കാൻ ഷീലോഡ്ജ് കം ലേഡീസ് ഹോസ്റ്റലിന് കഴിയും.

കെ.ഷിബുരാജൻ,

നഗരസഭാ ചെയർമാൻ