ചെങ്ങന്നൂർ: ആലപ്പുഴ ജില്ലയിൽ എലിപ്പനി കൂടിവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പനിയുണ്ടെങ്കിൽ സ്വയം ചികിത്സിക്കരുതെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം സംഭവിക്കാവുന്ന രോഗമാണ് എലിപ്പനി.
പനിയുണ്ടെങ്കിൽ സ്വയം ചികിൽസിക്കരുത്. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശ പ്രകാരം പരിശോധനകൾ നടത്തി എലിപ്പനിയാണോ എന്ന് നിർണയിക്കണം.
കുളങ്ങളിലും തോടുകളിലും വെള്ളക്കെട്ടുകളിലും ചതുപ്പ് പ്രദേശങ്ങളിലും മീൻ പിടിക്കുന്നവരിൽ എലിപ്പനി കൂടുതലായി പിടിപെടുന്നതായി കണ്ടുവരുന്നുണ്ട്. ഇത്തരം പ്രദേശങ്ങളിൽ മീൻ പിടിക്കുന്നവർ, കെട്ടിട നിർമ്മാണ തൊഴിലാളികൾ, പുല്ലുചെത്തുന്നവർ, പാടത്ത് പണിയെടുക്കുന്നവർ തുടങ്ങിയവർക്ക് പനിയോ ശരീരവേദനയോ ഉണ്ടെങ്കിൽ നിർബന്ധമായും ആശുപത്രിയിലെത്തി പരിശോധന നടത്തി ചികിത്സിക്കണം..
ശ്രദ്ധിക്കുക
• കൈകാലുകളിൽ മുറിവുള്ളവർ മലിനജലവുമായോ മണ്ണുമായോ സമ്പർക്കം വരാതെ ശ്രദ്ധിക്കുക.
• തലവേദനയോടു കൂടിയ പനി, ശരീരവേദന, കണ്ണിന് ചുവപ്പ്, മൂത്രത്തിനും കണ്ണിനും മഞ്ഞ നിറം എന്നീ ലക്ഷണങ്ങൾ അവഗണിക്കരുത്. ഇവ എലിപ്പനിയുടെ ലക്ഷണങ്ങളാവാം.
• ജോലി സംബന്ധമായി മലിനജലവുമായി സമ്പർക്കത്തിൽ വരുന്നവർ റബർ ബ്യൂട്ടും കൈയ്യുറകളും ധരിക്കുക.
• എലിപ്പനിക്കുള്ള പ്രതിരോധ ഗുളിക (ഡോക്‌സിസൈക്ലീൻ) സർക്കാർ കേന്ദ്രങ്ങളിൽ നിന്ന് സൗജന്യമായി ലഭിക്കും. ഡോക്ടറുടെ നിർദ്ദേശ പ്രകാരംകഴിക്കുക.