പത്തനംതിട്ട : ആവണിപ്പാറ ട്രൈബൽ സെറ്റിൽമെന്റ് കോളനിയിൽ വൈദ്യുതീയെത്തി. 1.57 കോടി രൂപ ചെലവഴിച്ചാണ് 33 കുടുംബങ്ങൾക്ക് വെളിച്ചം എത്തിച്ചത്. ഇതിനായി 6.8 കിലോമീറ്റർ കെ.എസ്.ഇ.ബി കേബിൾ സ്ഥാപിച്ചു. പിറവന്തൂർ പഞ്ചായത്തിലെ ചെമ്പനരുവി മുതൽ മൂഴി വരെ 1.8 കിലോമീറ്റർ ദൂരം ഓവർ ഹെഡ് എബിസി കേബിളും, മൂഴി മുതൽ കോളനിക്ക് മറുകരയിൽ അച്ചൻകോവിൽ ആറിന്റെ തീരം വരെയുള്ള 5 കിലോമീറ്റർ ദൂരം അണ്ടർ ഗ്രൗണ്ട് കേബിളുമാണ് സ്ഥാപിച്ചിരിക്കുന്നത്. ആറിനു കുറുകെയും കോളനിക്കുള്ളിലുമായി ഒരു കിലോമീറ്റർ ദൂരം എൽറ്റി എബിസി കേബിൾ വലിച്ചാണ് വൈദ്യുതി എത്തിച്ചത്. ആറിനു കുറുകെ കേബിൾ വലിക്കുന്ന ജോലി വലിയ ശ്രമകരമായിരുന്നു. ഇരുകരകളിലും പോസ്റ്റ് സ്ഥാപിച്ച് കുറുകെ കമ്പിയിട്ട് അതിൽ കപ്പി സ്ഥാപിച്ചാണ് ആറിനു കുറുകെ കേബിൾ ഇട്ടത്. അച്ചൻകോവിൽ ആറിൽ ജല നിരപ്പ് ഉയർന്നതും ജോലി ദുഷ്‌കരമാക്കി.
കോളനിക്കുള്ളിൽ ട്രാൻസ്‌ഫോർമർ സ്റ്റേഷന്റെ നിർമ്മാണവും പൂർത്തിയാക്കി. കോളനിക്കുള്ളിൽ 35 സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചു. കോളനിയിലെ 33 വീടുകൾക്കും അങ്കണവാടിക്കും കണക്ഷൻ നല്കി. ചേമ്പാല ഫോറസ്റ്റ് സ്റ്റേഷനും കണക്ഷൻ നല്കും. വീടുകൾക്കുള്ള വയറിംഗ് ജോലികൾ ഗ്രാമ പഞ്ചായത്ത് നടത്തി നല്കിയിരുന്നു. പട്ടിക വർഗ വികസന വകുപ്പ് മന്ത്രി മന്ത്രി എ.കെ ബാലൻ വൈദ്യുതീകരണം ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. വൈദ്യുതി മന്ത്രി എം.എം മണി അദ്ധ്യക്ഷനായിരുന്നു.
അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. കോന്നി ഡി.എഫ്.ഒ ശ്യാം മോഹൻലാൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് സുനിൽ വർഗീസ് ആന്റണി, ഗ്രാമപഞ്ചായത്തംഗങ്ങളായ കോന്നി വിജയകുമാർ, സിന്ധു, കെ.എസ്.ഇ.ബി ചീഫ് എൻജിനീയർ എസ്.രാജ്കുമാർ, റാന്നി ട്രൈബൽ ഡവലപ്പ്‌മെന്റ് ഓഫീസർ സുധീർ എസ്.എസ് തുടങ്ങിയവർ സംസാരിച്ചു.
ചെലവിട്ടത് : 1.57 കോടി രൂപ
കേബിൾ സ്ഥാപിച്ചത് : 6.8 കി.മീ
കണക്ഷൻ നൽകിയത്
സ്ട്രീറ്റ് ലൈറ്റുകൾ : 35
വീടുകൾ : 33
അങ്കണവാടി : 1
കോളനിയിൽ ഒരു വർഷത്തിനകം വൈദ്യുതി എത്തിച്ചു നല്ക്കുമെന്ന് വാഗ്ദാനം നല്കിയിരുന്നു. അത് പാലിച്ചു. ഉദ്യോഗസ്ഥരുടെ കൃത്യതയോടെയുള്ള പ്രവർത്തനഫലമായാണ് കോളനിയിൽ സമയബദ്ധിതമായി വൈദ്യുതി എത്തിയത്.
കെ.യു.ജനീഷ് കുമാർ എം.എൽ.എ