പത്തനംതിട്ട : കൊവിഡ് രോഗം ബാധിച്ചവർക്കായി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ആധുനിക രീതിയിലുള്ള നെഗറ്റിവ് പ്രഷർ വെന്റിലേഷൻ ഐ.സി.യുവും ഓപ്പറേഷൻ തീയേറ്ററും സ്ഥാപിച്ചു. കേരളത്തിലെ ജില്ലാ ആശുപത്രികളിൽ ആദ്യത്തെ നെഗറ്റീവ് പ്രഷർ വെന്റിലേഷൻ ഐസിയുവാണ് കോഴഞ്ചേരിയിലേത്.
പഴയ മെഡിക്കൽ ഐ.സി.യുവും ഇതോടൊപ്പം നവീകരിച്ചു. പഴയ നാല് ബഡ്ഡുകൾ ഉണ്ടായിരുന്ന ഐ.സി.യു ആണ് ഇപ്പോൾ ആറ് ബെഡുകളോടും പുതിയ നഴ്‌സിംഗ് സ്റ്റേഷനോടും കൂടി നവീകരിച്ചിരിക്കുന്നത്. മെഡിക്കൽ വാർഡിലും പി.ഒ വാർഡിലുമായി സെൻട്രൽ ഓക്‌സിജൻ സംവിധാനവും വെന്റിലേറ്റർ ഘടിപ്പിക്കുന്നതിനുള്ള ഇലക്ട്രിക് സംവിധാനവുമായി 65 ബെഡ്ഡുകൾ കൂടി തയാറാക്കിയിട്ടുണ്ട്. ഈ ബെഡ്ഡുകളിലെല്ലാം ഗുരുതരാവസ്ഥയിൽ ഉള്ള കൊവിഡ് രോഗികളെ പരിചരിക്കുന്ന വിധത്തിലാണ് ക്രമികരിച്ചിരിക്കുന്നത്.
എം.എൽ.എ ഫണ്ടിന്റെയും ഹെൽത്ത് മിഷന്റെയും സഹായത്തോടെ ഒന്നരക്കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കിയിരിക്കുന്നത്.
ഐ.സി.യുവും ഓപ്പറേഷൻ തീയേറ്ററും വീണാ ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ ദേവി, വൈസ് പ്രസിഡന്റ് ജോർജ് മാമൻ കൊണ്ടൂർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജിലി പി. ഈശോ, കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹൻ, ആശുപത്രി സൂപ്രണ്ട് ഡോ. പ്രതിഭ, നോഡൽ ഓഫീസർ ഡോ. ജെയ്‌സൺ തോമസ് എന്നിവർ പങ്കെടുത്തു.
നെഗറ്റീവ് പ്രഷർ ഐ.സി.യു
നെഗറ്റീവ് പ്രഷർ ഐസിയുവിലൂടെ രോഗികളിൽ ഉണ്ടാകുന്ന അണുബാധ തടയുന്നതിനും ചികിൽസിക്കുന്ന മെഡിക്കൽ സ്റ്റാഫുകൾക്ക് സമ്പർക്കത്തിലൂടെ രോഗം ഉണ്ടാകുന്നത് തടയിടാനും കഴിയും. ഒരു മണിക്കൂറിൽ എട്ട് തവണ വായൂ ശുദ്ധീകരിക്കാൻ നെഗറ്റീവ് പ്രഷർ വെന്റിലേഷൻ ഐ.സി.യുവിലൂടെ സാധിക്കും എന്നതിനാൽ കൊവിഡ് അല്ലാതെ വായുവിൽ കൂടി പകരുന്ന മറ്റ് അസുഖങ്ങൾക്കും നെഗറ്റീവ് പ്രഷർ വെന്റിലേഷൻ ഐ.സി.യു ഫലവത്താണ്.
10 ബെഡുകളാണ് ഐസിയുവിൽ ഉള്ളത്.
നെഗറ്റീവ് പ്രഷർ ഓപ്പറേഷൻ തീയേറ്റർ
കൊവിഡ് ചികിത്സയിൽ ഇരിക്കുന്ന രോഗികളെ അടിയന്തര സാഹചര്യത്തിൽ ഏതെങ്കിലും ശസ്ത്രക്രിയകൾക്ക് വിധേയരാക്കണ്ടി വന്നാൽ ഉപയോഗിക്കുന്നതിനാണ് നെഗറ്റീവ് പ്രഷർ തീയറ്ററുകൾ.