പത്തനംതിട്ട : ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവല്ല നിയോജക മണ്ഡലത്തിലെ 11 ഗ്രാമ പഞ്ചായത്തുകളിലെ കുടുംബങ്ങൾക്ക് കുടിവെളള കണക്ഷൻ ലഭ്യമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു.
ഒരു വർഷത്തിനുള്ളിൽ 20 ലക്ഷം പുതിയ വാട്ടർ കണക്ഷൻ നൽകുക എന്നതാണ് സർക്കാർ ലക്ഷ്യമെന്ന് കുറ്റൂർ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ മന്ത്രി പറഞ്ഞു.
ആളോഹരി പ്രതിദിനം 55 ലിറ്റർ കുടിവെള്ളം വീടുകളിൽ ലഭ്യമാക്കുന്ന ജലജീവൻ പദ്ധതിയുടെ ഒന്നാം ഘട്ടമായി 7009 വീടുകൾക്ക് കുടിവെള്ള കണക്ഷൻ നൽകുന്നതിന് 1238.81 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ പുറമറ്റം പഞ്ചായത്തിൽ 300 വീടുകൾക്ക് 128.66 ലക്ഷം രൂപയുടെ പദ്ധതി സംസ്ഥാന സമിതിയുടെ ഭരണാനുമതി ലഭിക്കുന്നതിന് സമർപ്പിക്കുന്നതിന് തയ്യാറായിട്ടുണ്ട്. ഒന്നാം ഘട്ട പദ്ധതി നിർവഹണത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകളായ ആനിക്കാട് 300 വീടുകൾ, കല്ലൂപ്പാറ600, കവിയൂർ1270, കുന്നംന്താനം1470, മല്ലപ്പള്ളി200, കടപ്ര1440, കുറ്റൂർ810, നെടുമ്പ്രം105, നിരണം570, പെരിങ്ങര244 വീടുകളിലാണ് കണക്ഷൻ നൽകുന്നത്.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ജനപങ്കാളിത്തത്തോടെ പൈപ്പിലൂടെ ഗ്രാമീണ ഭവനങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതിയാണ് ജലജീവൻ മിഷൻ.
മാത്യു ടി തോമസ് എംഎൽഎ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ്, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റജി ശാമുവൽ, പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ ജോസ്, കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് എലിസബത്ത് മാത്യു, ആനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു,കേരള വാട്ടർ അതോറിട്ടി ബോർഡ് അംഗം അലക്‌സ് കണ്ണമല, ജില്ലാ പഞ്ചായത്ത് അംഗം എസ്.വി.സുബിൻ, കുറ്റൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രസന്ന സതീഷ്, കേരള ജല അതോറിട്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ ഉഷാ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.