റാന്നി: വൈക്കത്ത് ശക്തമായ മഴയ്‌ക്കൊപ്പമുണ്ടായ ഇടിമിന്നലിൽ നിരവധി വീടുകൾക്കും വീട്ടുപകരണങ്ങൾക്കും കേടുപാടുകളുണ്ടായി. കഴിഞ്ഞ ദിവസം വൈകിട്ട് 4.45 നാണ് ഇടിയും മിന്നലുണ്ടായത്. വൈക്കം ഗുരുമന്ദിരത്തിനു മുകൾ ഭാഗത്തുള്ള അഞ്ചു വീടുകൾക്കാണ് കാര്യമായ നാശം നേരിട്ടത്. വൈക്കം അനശ്വരയിൽ ഉഷാകുമാരിയുടെ വീടിന് നാശമുണ്ടായി. സെൻട്രൽ സെക്യൂരിറ്റി ഫോഴ്‌സ് ജീവനക്കാരനായ റ്റി.എസ്.സന്തോഷിന്റെ വീടിന്റെ മുൻഭാഗത്തെ ഷോകെയിസ് തകർന്ന് ഉപകരണങ്ങൾ നശിച്ചു. സന്തോഷിന്റെ ഭാര്യ ദീപയും കുട്ടികളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ലക്ഷ്മി ധരത്തിൽ രാമചന്ദ്രൻ നായർ,ഒറ്റപിലാക്കൽ ബിനോയി ഇടിക്കുള തുടങ്ങിയവരുടെ വീടുകൾക്കും നാശം സംഭവിച്ചു. റാന്നി വില്ലേജ് ഓഫീസർ പരിശോധന നടത്തി.