ചെങ്ങന്നൂർ: ഇടനാട് കള്ളാലിപ്പാറയിൽ ടൂറിസം പദ്ധതി നടപ്പിലാക്കാൻ നഗരസഭ 83 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയതായി ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു. എസ്റ്റിമേറ്റ് പ്രകാരമുള്ള പ്രവർത്തികളിൽ ചിലത് നഗരസഭ മുഖേനയും മറ്റുചിലത് സംസ്ഥാന സർക്കാർ മുഖേനയുമുള്ള ഫണ്ട് ചെലവഴിച്ച് നടപ്പിലാക്കും. ചില പ്രവർത്തികൾക്ക് സ്വകാര്യ പങ്കാളിത്തവും ആവശ്യമായി വരും. ചെങ്ങന്നൂർ റോട്ടറി ക്ലബ് പദ്ധതിയുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. റോഡുകൾ, സുരക്ഷാ വേലികൾ, വിവിധ സ്ഥലങ്ങൾ മനോഹരമാക്കുന്ന പദ്ധതികൾ, അലങ്കാരച്ചെടികളും വൃക്ഷതൈകളും നട്ടുവളർത്തൽ, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിനോദോപാധികൾ എന്നിവയാണ് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.