പത്തനംതിട്ട : മാരാമൺ കൺവെൻഷൻ റോഡിന് ഡോ.ജോസഫ് മാർത്തോമാ മെത്രാപോലീത്തയുടെ പേര് നൽകുവാൻ ജില്ലാ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണാ ദേവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ.റെജി തോമസ്, ലീലാ മോഹൻ, എലിസബത്ത് അബു, കെ.ജി.അനിത, അംഗങ്ങളായ വിനീത അനിൽ, ബിനി ലാൽ, ബി.സതി കുമാരി, അഡ്വ.രാജീവ് കുമാർ, പി.വി.വർഗീസ്, എസ്.വി.സുബിൻ, ടി.മുരുകേശ് എന്നിവർ പങ്കെടുത്തു. മാരാമൺ സ്വദേശികൂടിയായിരുന്ന മെത്രാപോലീത്തയോടുള്ള ബഹുമാനാർഹമാണ് കോഴഞ്ചേരി പാലത്തിന് സമീപം മുതൽ അരമനക്കടവ് വഴി കൺവെൻഷൻ നഗറിലേക്കുള്ള റോഡിന് പുതിയ പേരു നൽകാൻ ജില്ലാ പഞ്ചായത്ത് കമ്മിറ്റി ഏകകണ്ഠമായി തീരുമാനമെടുത്തത്. കോഴഞ്ചേരിയിലെ നിർദ്ദിഷ്ട പാലത്തിന് സമീപത്തുകൂടിയാണ് റോഡ് കടന്നു പോകുന്നത്. തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിന്റെ എട്ടാം വാർഡിൽ ഉൾപ്പെടുന്ന പ്രദേശമാണിവിടം.