കൊടുമൺ : ജില്ലയിലെ ആദ്യ ടേക്ക് എ ബ്രേക്ക് ടോയ്‌ലറ്റ് സമുച്ചയവും വിശ്രമ കേന്ദ്രവും പൂർത്തീകരിച്ച കൊടുമൺ ഗ്രാമപഞ്ചായത്തിന് ജില്ലാ ഭരണകൂടത്തിന്റെ ആദരം. സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പ്രാധാന്യം നൽകേണ്ട പന്ത്രണ്ടിന പരിപാടികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് 'ടേക്ക് എ ബ്രേക്ക്' പദ്ധതി. മറ്റ് ഗ്രാമപഞ്ചായത്തുകൾക്ക് കൊടുമൺ ഗ്രാമപഞ്ചായത്തിന്റെ ഈ പ്രവൃത്തി മാതൃകാപരമാണ്. മുൻപുണ്ടായിരുന്ന ടോയ്‌ലറ്റ് കേന്ദ്രത്തെ നാല് ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് ഫണ്ട് ചെലവഴിച്ച് നവീകരിച്ചാണ് ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. കൊടുമൺ സ്റ്റേഡിയത്തിനു സമീപത്തായി ആരംഭിച്ച ടേക്ക് എ ബ്രേക്ക് കേന്ദ്രത്തിൽ യാത്രക്കാർക്ക് ശുദ്ധീകരിച്ച കുടിവെള്ള സൗകര്യവും ടോയ്‌ലറ്റിൽ നാപ്കിൻ ഡിസ്‌ട്രോയർസൗകര്യവുമുണ്ട്. ഇതോടൊപ്പം വിശ്രമകേന്ദ്രത്തിന് സമീപത്തായി സന്ദർശകർക്ക് ലഘുഭക്ഷണമൊരുക്കി കുടുംബശ്രീ കഫേയും പ്രവർത്തിക്കുന്നുണ്ട്.