കോന്നി : പാർട്ടി ഏതായാലും പട്ടയം തീരുമാനിക്കും മലയോര ഗ്രാമങ്ങളിലെ ജനപ്രതിനിധികളെ . വർഷങ്ങളായി പട്ടയത്തിനായി കാത്തിരിക്കുന്നവരാണ് ഇൗ മേഖലയിലുള്ളത്. റവന്യൂ ഓഫീസുകളിലും പഞ്ചായത്ത് ഓഫീസുകളിലും പാർട്ടി ഓഫീസുകളിലും കയറിയിറങ്ങി അവർ മടുത്തു. നേരത്തെ നൽകിയ പട്ടയം റദ്ദാക്കുകയും ചെയ്തു. വോട്ടുതേടി തങ്ങളെ സമീപിക്കുന്നവരോട് പ്രധാനമായും പട്ടയ പ്രശ്നമാണ് അവർക്ക് ചോദിക്കാനുള്ളത് . പരിഹാരം കാണാമെന്ന ഉറപ്പുമായാണ് മുന്നണികൾ വോട്ടർമാരെ സമീപിക്കുന്നത്.
കോന്നിയിൽ റദ്ദാക്കിയ പട്ടയങ്ങളുൾപ്പെടെയുള്ള കൈവശഭൂമിക്ക് ഇനിയൊരു രേഖ ലഭ്യമാകാൻ കാത്തിരിക്കേണ്ടി വരും . റവന്യു, വനം വകുപ്പുകൾ സംയുക്ത പരിശോധന നടത്തി പട്ടയം നൽകേണ്ട പ്രദേശങ്ങളും കേന്ദ്ര അനുമതിക്കായി കാത്തുകിടക്കുന്ന സ്ഥലങ്ങളും ഇവിടെയുണ്ട്.
വർഷങ്ങളായി കൈവശം വച്ചനുഭവിക്കുന്ന പ്രദേശങ്ങൾക്കുള്ള പട്ടയമാണ് ഇതിൽ പ്രധാനം. കോന്നി നിയമസഭ മണ്ഡലപരിധിയിൽ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ആദ്യഘട്ടം വിതരണം ചെയ്ത 1843 പട്ടയങ്ങൾ 2017 സെപ്തംബറിൽ ഇപ്പോഴത്തെ റവന്യുവകുപ്പ് റദ്ദാക്കിയിരുന്നു. ഇതു പുന:സ്ഥാപിക്കാനുള്ള നടപടികൾ എങ്ങുമെത്തിയിട്ടുമില്ല. യു.ഡി.എഫ് സർക്കാർ നൽകിയത് വ്യാജപട്ടയമാണെന്നും യഥാർത്ഥ പട്ടയം കൈവശക്കാർക്ക് നൽകുമെന്നുമാണ് എൽ.ഡി.എഫ് സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ നാലായിരത്തോളം കുടിയേറ്റ കർഷക കുടുംബങ്ങളുടെ കാത്തിരിപ്പ് അനന്തമായി നീളുകയാണ്.
കേന്ദ്ര അനുമതി വേണ്ടിവരും
വനഭൂമിയിൽ പട്ടയം നൽകിയിരിക്കുന്നതിനാലാണ് പട്ടയം റദ്ദാക്കിയതെന്നാണ് അധികൃതർ പറഞ്ഞത്. പട്ടയം നൽകിയത് വനഭൂമിയാണെന്ന് റവന്യുവകുപ്പും സമ്മതിച്ചു. ഇൗ സാഹചര്യത്തിൽ ഇതിനു മാറ്റം വരുത്താനാണ് നടപടികൾ സ്വീകരിക്കേണ്ടത്. വനഭൂമി റവന്യുഭൂമിയായി മാറ്റണമെങ്കിൽ കേന്ദ്രസർക്കാർ അനുമതി തേടേണ്ടിവരും.
വനവിസ്തൃതി വർദ്ധിപ്പിക്കുന്ന നടപടിക്രമങ്ങളുടെ ഭാഗമായി വനംവകുപ്പ് കൂടുതൽ സ്ഥലങ്ങൾ തങ്ങളുടേതാക്കി വരുന്നതിനിടെയാണ് റവന്യുവകുപ്പ് പട്ടയം റദ്ദാക്കി സ്ഥലം വനംവകുപ്പിന്റേതാണെന്ന് ഉത്തരവിറക്കിയത്. സംയുക്തപരിശോധനയിലൂടെ പട്ടയത്തിനു യോഗ്യമെന്നു കണ്ടെത്തിയ പ്രദേശങ്ങൾക്ക് മാത്രമേ പട്ടയം നൽകാനാകൂവെന്നാണ് ഇപ്പോഴത്തെ നിലപാട്.