തിരുവല്ല: ശ്രീവല്ലഭ ക്ഷേത്ര വളപ്പിലെ കരനെൽക്കൃഷിയുടെ കന്നിക്കൊയ്ത്തും ഔഷധത്തോട്ട നിർമ്മാണോദ്ഘാടനവും ഇന്ന് നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപ്പിലാക്കുന്ന ദേവഹരിതം പദ്ധതിയുടെ ഭാഗമായി ശ്രീവല്ലഭേശ്വര അന്നദാന സമിതിയുടെ നേതൃത്വത്തിൽ നടത്തിയ നെൽക്കൃഷിയുടെ വിളവെടുപ്പാണ് ഇന്ന് രാവിലെ 10ന് നടക്കുന്നത്. വിളവെടുപ്പിന്റെ ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു നിർവഹിക്കും. ഔഷധ തോട്ടത്തിന്റെ നിർമ്മാണോദ്ഘാടനം ദേവസ്വം ബോർഡംഗം അഡ്വ.എൻ.വിജയകുമാർ നിർവഹിക്കും.ആദ്യം കൊയ്തെടുക്കുന്ന നെൽക്കതിർ ദേവസ്വം ബോർഡംഗം കെ.എസ് രവി,ദേവസ്വം കമ്മീഷണർ ബി.എസ് തിരുമേനി,നഗരസഭാ ചെയർമാൻ ആർ.ജയകുമാർ എന്നിവർ ചേർന്ന് ക്ഷേത്രനടയിൽ സമർപ്പിക്കും.ശാസ്താനടയ്ക്ക് പിൻഭാഗത്തെ അരയേക്കർ ഭൂമിയിലാണ് കരനെൽകൃഷി നടത്തിയത്.നാല് മാസം കൊണ്ട് വിളവെടുക്കാവുന്ന കുഞ്ഞുകുഞ്ഞ് ഇനത്തിൽപ്പെട്ട വിത്താണ് പ്രകൃതി കൃഷിരീതി അവലംബിച്ച് കൃഷിയിറക്കിയത്.വിളവെടുപ്പിൽ ലഭിക്കുന്ന നെല്ല് കുത്തിയെടുക്കുന്ന അരി ക്ഷേത്രത്തിലെ നിവേദ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാണ് തീരുമാനം. ക്ഷേത്രവളപ്പിലെ ഗണപതി നടയ്ക്ക് പിന്നിലെ 10 സെന്റ് ഭൂമിയിലാണ് ആയുർവേദ ഔഷധ സസ്യങ്ങൾ നട്ടുപിടിപ്പിക്കുന്നത്.