പത്തനംതിട്ട: പത്തനംതിട്ട നഗരസഭയ്ക്കുള്ളിലെ ഒരു കടയ്ക്കുള്ളിൽ ആട്, മാട് എന്നിവയുടെ മാംസം വിൽക്കാൻ നഗരസഭാ ലൈസൻസ് നൽകിയിട്ടില്ലെന്ന് വിവരാവകാശരേഖ. വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറ നൽകിയ അപേക്ഷയ്ക്ക് പത്തനംതിട്ട നഗരസഭാ വിവരാവകാശ ഉദ്യോഗസ്ഥൻ നൽകിയ മറുപടിയിലൂടെയാണ് ഈ വിവരങ്ങൾ വെളിവായത്. പത്തനംതിട്ട കുമ്പഴ മാർക്കറ്റിൽ മാത്രമേ ഇറച്ചിസ്റ്റാൾ പ്രവർത്തിക്കുന്നുള്ളു. അതിനും ലൈസൻസ് നൽകിയിട്ടില്ലെന്നും മറുപടിയിൽ പറയുന്നു. പലചരക്കു കടകളുടെയും ബേക്കറികളുടെയും മറ്റും മറവിൽ പത്തനംതിട്ട നഗരസഭയ്ക്കുള്ളിൽ അനധികൃത മാംസ വിൽപ്പന നടക്കുന്നുണ്ടെന്നും അതിനെതിരെ നടപടിയെടുക്കണമെന്നും ചൂണ്ടി കാട്ടി റഷീദ് ആനപ്പാറ നഗരസഭാ സെക്രട്ടറി, നഗരകാര്യ ഡയറക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവിടങ്ങളിൽ പരാതി നൽകി.യാതൊരു വിധ മെഡിക്കൽ പരിശോധനയും ഇല്ലാതെ കശാപ്പുചെയ്ത മൃഗങ്ങളുടെ മാംസമാണ് അനധികൃതമായി ലൈസൻസില്ലാതെ വിൽപ്പന നടത്തുന്നതെന്നും അദ്ദേഹം പരാതിയിലൂടെ ചൂണ്ടികാട്ടി. ഇവർക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.