പത്തനംതിട്ട : ഗവിയിലേക്കുള്ള ബസ് സർവീസ് തിങ്കളാഴ്ച പുന:രാരംഭിക്കുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. ബസ് പഞ്ചറായതോടെയാണ് ഗവിയിലേക്കുള്ള യാത്ര തടസപ്പെട്ടത്. വടശ്ശേരിക്കര, പെരുനാട്, ചിറ്റാർ , സീതത്തോട് വഴി ഗവിയിലേക്കും ഇവിടെ നിന്ന് കുമിളിയിലേക്കുമുള്ള സർവീസാണ് മുടങ്ങിയത്. രാവിലെ 6.30നാണ് ആദ്യ സർവീസ്. രണ്ടാമത്തേത് 12.30നും. ഇപ്പോൾ ഗവിയിലേക്ക് സർവീസ് ഒന്നുമില്ല. ഇൻഷുറൻസില്ലാത്ത ബസുകളാണ് പത്തനംതിട്ടയിലുള്ളത്. അതിനാൽ പകരം ബസ് അയയ്ക്കാനുമാകുന്നില്ല. സ്വകാര്യ വാഹനങ്ങൾ ഇപ്പോൾ കടത്തി വിടുന്നുണ്ട്. കൊവിഡ് റിപ്പോർട്ട് ചെയ്തതിന് ശേഷം ബസ് സർവീസ് നടത്തിയിരുന്നില്ല. ഇളവുകൾ അനുവദിച്ചപ്പോൾ രണ്ട് ദിവസം സർവീസ് നടത്തി. ബസ് പഞ്ചറായതോടെ സർവീസ് മുടങ്ങി.
നിരവധി സഞ്ചാരികൾ ഗവിയിലേക്ക് പോകാൻ കെ.എസ്.ആർ.ടി.സി ബസിനെ ആശ്രയിച്ചിരുന്നു. ഇപ്പോൾ പലരും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുകയാണ്. ഗവിയിലുള്ളവർ പത്തനംതിട്ടയിലേക്ക് എത്തുന്നതിനും ഈ ബസായിരുന്നു ആശ്രയം.
സഞ്ചാരികൾക്ക് ഭക്ഷണശാലകളും
ഗവിയിലെ വിനോദ സഞ്ചാരികൾക്കായി കൊച്ചുപമ്പ കെ.എസ്.ഇ.ബി ക്വാർട്ടേഴ്സിൽ ഭക്ഷണശാല ആരംഭിച്ചിട്ടുണ്ട്. മുൻകൂട്ടിചു പറയുന്നവർക്ക് ഭക്ഷണം തയാറാക്കി നൽകും. ഫോൺ : 9446518981