പത്തനംതിട്ട: സംസ്ഥാനത്ത് ആദ്യഘട്ട ത്രിതല തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലൊന്നായ പത്തനംതിട്ടയിൽ പോരിന് ചൂട് പിടിച്ചു തുടങ്ങി. ഡിസംബർ എട്ടിന് ജില്ല പോളിംഗ് ബൂത്തിലെത്തും. രണ്ടും മൂന്നും ഘട്ട വോട്ടെടുപ്പ് കഴിഞ്ഞ് ഫലമറിയാൻ എട്ട് ദിവസം കൂടി കാത്തിരിക്കണം. ജില്ല, ബ്ളോക്ക്, ഗ്രാമ പഞ്ചായത്ത്, നഗരസഭ വാർഡുകളിൽ നിന്ന് 1042 ജനപ്രതിനിധികളെയാണ് തിരഞ്ഞെടുക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജനറൽ വിഭാഗത്തിനായതിനാൽ ഇക്കുറി ഡിവിഷനുകളിലെ മത്സരത്തിന് വാശിയേറും. ബ്ളോക്ക് പഞ്ചായത്തുകളിലും മത്സരം പൊടിപാറും. എട്ട് ബ്ളോക്ക് പഞ്ചായത്തുകളും 53 ഗ്രാമ പഞ്ചായത്തുകളും നാല് നഗരസഭകളുമാണ് ജില്ലയിലുള്ളത്.
എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് അന്തിമ ചർച്ചകളിലാണ്. കൊവിഡ് മാനദണ്ഡം പാലിച്ചുള്ള തിരഞ്ഞെടുപ്പായതിനാൽ ഇക്കുറി പൊതുയോഗങ്ങൾക്ക് നിയന്ത്രണമുണ്ടാകും. നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകൾ കേന്ദ്രീകരിച്ചാണ് ചർച്ചകൾ പുരോഗമിക്കുന്നത്.
എൽ.ഡി.എഫ്
യു.ഡി.എഫ്
എൻ.ഡി.എ
'' എൽ.ഡി.എഫ് സർക്കാരിന്റെ വികസന നേട്ടങ്ങളാണ് കൂടുതലായി ജനങ്ങളുമായി ചർച്ച ചെയ്യുന്നത്. യു.ഡി.എഫ്, ബി.ജെ.പി നിലപാടുകളുടെ പൊള്ളത്തരങ്ങളും തുറന്നുകാട്ടും. ജില്ലാ പഞ്ചായത്ത് ഭരണം വൻ പരാജയമാണ്. ജില്ലയിലെ ഭൂരിഭാഗം വാർഡുകളിലും എൽ.ഡി.എഫ് നേട്ടമുണ്ടാക്കും.
കെ. അനന്തഗോപൻ, സി.പി.എം ജില്ലാസെക്രട്ടറി.
'' സംസ്ഥാന സർക്കാരിന്റെ അഴിമതിയാണ് പ്രധാന ചർച്ച വിഷയം. എൽ.ഡി.എഫിന് ജനങ്ങൾ വലിയ തിരിച്ചടി നൽകും. ജില്ലാ പഞ്ചായത്ത് ഭരണ നേട്ടങ്ങൾ ജനങ്ങൾ ചർച്ച ചെയ്യും. ഭരണം നിലനിറുത്തും. ഇക്കുറി ഭൂരിപക്ഷം ബ്ലോക്കുകളിലും ഗ്രാമ പഞ്ചായത്തുകളിലും വിജയിക്കും.നാല് നഗരസഭകളും നേടും.
സാമുവൽ കിഴക്കുപുറം, ഡി.സി.സി ജനറൽ സെക്രട്ടറി.
'' സ്ഥാനാർത്ഥികളുടെ പട്ടികയ്ക്ക് ഉടൻ അന്തിമ അംഗീകരം ലഭിക്കും. കേന്ദ്ര സർക്കാർ പദ്ധതികൾ ജനങ്ങളുമായി ചർച്ച ചെയ്യും. കൂടുതൽ ഗ്രാമ പഞ്ചായത്തുകളിൽ ഭരണം പിടിക്കും. ബ്ലോക്ക്, നഗരസഭകൾ എന്നിവിടങ്ങളിൽ അംഗബലം വർദ്ധിപ്പിക്കും. ജില്ലാ പഞ്ചായത്തിൽ ഇക്കുറി എൻ.ഡി.എ പ്രതിനിധ്യം ഉണ്ടാകും.
പി.ആർ. ഷാജി, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ്.
ജില്ലാ പഞ്ചായത്ത് ആകെ ഡിവിഷനുകൾ 16
ബ്ളോക്ക് പഞ്ചായത്തുകൾ 8, വാർഡുകൾ 106
ഗ്രാമ പഞ്ചായത്തുകൾ 53, വാർഡുകൾ 788
നഗരസഭകൾ 4, വാർഡുകൾ 133.
മത്സരം : 1042 സീറ്റുകളിൽ