കോന്നി : പശ്ചിമഘട്ട മലനിരകളിലെ അപൂർവ്വയിനം പക്ഷികളുടെ സങ്കേതമായി മാറുന്ന കോന്നി, റാന്നി വനമേഖലകളെ ഉൾപ്പെടുത്തി പക്ഷിഭൂപടം തയ്യാറാകുന്നു. കേരള പക്ഷി ഭൂപട നിർമ്മാണ പദ്ധതിയുടെ ഭാഗമായാണ് ജില്ലയിൽ ഭൂപടം തയ്യാറാക്കുന്നത്. പത്തനംതിട്ട ബേഡേഴ്സ് എന്ന സംഘടനയുടെ നേതൃത്വത്തിൽ ഇതിനുള്ള സർവ്വേ പൂർത്തിയായിട്ടുണ്ട്. ദേശാടനക്കിളികൾ അടക്കമുള്ള പക്ഷികളെ തേടി വിദേശികൾ ഉൾപ്പടെയുള്ള പക്ഷിനിരീക്ഷകർ ജില്ലയുടെ മലയോരങ്ങളിൽ എത്തുന്നുണ്ട്.
മലമുഴക്കി വേഴാമ്പലുകളുടെ സാന്നിദ്ധ്യം
അപൂർവ്വമായ മലമുഴക്കി വേഴാമ്പലുകളുടെ സാന്നിദ്ധ്യം ജില്ലയിലെ വനമേഖലകളിൽ കണ്ടെത്തിയിട്ടുണ്ട്. കക്കി, ശബരിമല, ഗുരുനാഥൻമണ്ണ്, മൂഴിയാർ വന മേഖലകളിൽ ഇതിനോടകം 25 ഡസൻ മലമുഴക്കി വേഴാമ്പലുകളെ കണ്ടെത്തി. കാടിളക്കി വൻ ചിറകടി ശബ്ദത്തോടെ പറന്നുപോകുന്ന ഇവയുടെ ആകാരഭംഗി വേറിട്ടതാണ്.
അപൂർവ്വയിനം പക്ഷികൾ
വടക്കൻ ചിലുചിലപ്പൻ, പതുങ്ങൽ ചിലപ്പൻ, മരപ്രാവ്, പച്ചച്ചുണ്ടൻ, മക്കാച്ചിക്കാട, വലിയ കിന്നരിപ്പരുന്ത്, പുല്ലുപ്പൻ തുടങ്ങിയ പക്ഷികളുടെ സാന്നിദ്ധ്യം ഓരോ വർഷവും ജില്ലയുടെ വനമേഖലകളിൽ വർദ്ധിച്ചുവരികയാണ്.
കാര്യമായ പദ്ധതികളില്ല
ജില്ലയുടെ വനമേഖലകൾ അപൂർവ്വയിനം പക്ഷികളുടെ സങ്കേതമാകുന്നുണ്ടെങ്കിലും ഇവയെപ്പറ്റി പഠനം നടത്താൻ കാര്യമായ പദ്ധതികളില്ല. പദ്ധതികൾ ആവിഷ്കരിക്കണമെന്നത് നിരീക്ഷണ സംഘടനകളുടെ ഏറെ നാളായുള്ള ആവശ്യമാണ്. പത്തനംതിട്ട ബേഡേഴ്സ് പക്ഷി പഠനം നടത്തുന്ന സംഘടനയാണ്. ജില്ലയിലെ വനം പക്ഷികളുടെ വളരെ കുറച്ച് വിവരങ്ങൾ മാത്രമെ പുറത്ത് വന്നിട്ടുള്ളു.