പത്തനംതിട്ട: റാന്നിയിലെ പട്ടികവർഗ വികസന ഓഫീസ് മുഖേന നടപ്പിലാക്കിയ പദ്ധതികളുടെ മറവിൽ നടന്ന അഴിമതി സംബന്ധിച്ച് വകുപ്പുതല അന്വേഷണം നടത്തണമെന്ന് ദളിത് ലീഗ് ജില്ലാ പ്രസിഡന്റ് വിജയൻ വെള്ളയിൽ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആദിവാസികളുടെ ക്ഷേമത്തിന് റാന്നി ഓഫീസ് കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന പദ്ധതികളൊന്നും ലക്ഷ്യത്തിലെത്തുന്നില്ല. സ്ഥിരമായി വാസസ്ഥലം ഇല്ലാത്ത കുടുംബങ്ങൾക്ക് ടാർപ്പാളിൻ വിതരണം ചെയ്തതു മുതൽ ഭൂമി നൽകിയതുവരെയുള്ള എല്ലാ പദ്ധതികളിലും അഴിമതിയുണ്ടെന്ന് ദളിത് ലീഗ് ആരോപിച്ചു. 2019 ഡിസംബറിൽ ജില്ലാ ധനകാര്യവിഭാഗം നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. ചിറ്റാറിലെ പ്രീ മെട്രിക് ഹോസ്റ്റലുമായി ബന്ധപ്പെട്ട് സാധനങ്ങൾ വാങ്ങിയതിലും ക്രമക്കേടുകൾ ആരോപിക്കപ്പെട്ടിരുന്നു. ഇക്കാര്യങ്ങൾ ഉന്നയിച്ച് വിജിലൻസിന് പരാതി നൽകുമെന്നും വിജയൻ പറഞ്ഞു.