pp

തല്ലുകൊള്ളാൻ ചെണ്ടയും പണംവാങ്ങാൻ മാരാരും എന്നപോലെയാണ് കാര്യങ്ങൾ. തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഒരുമുഴുംമുമ്പേ സ്ഥാനാർത്ഥിമോഹികൾ പാർട്ടി ഒാഫീസുകൾക്ക് മുന്നിൽ ക്യൂ പാലിച്ചു തുടങ്ങിയിരുന്നു. ഇത്രകാലവും പാർട്ടിയുടെ കൊടി പിടിച്ചിട്ടില്ല. പാർട്ടിക്കുവേണ്ടി പണിയെടുത്തിട്ടില്ല. മറ്റൊന്നും കൊണ്ടല്ല. വിയർപ്പിന്റെ അസുഖം ഉള്ളതുകൊണ്ടാണ്. നാടുമായും നാട്ടുകാരുമായുമൊന്നും ബന്ധമില്ലായിരുന്നു. . അതുകൊണ്ടെന്താ. ജീവിതം പച്ചപിടിച്ചു. കീശയും അതിൽ നിറയെ കാശുമുണ്ടെങ്കിലുംജനത്തിന് പുച്ഛമാണ്. ഒരു ബഹുമാനക്കുറവ്. നാട്ടിലൊരു മതിപ്പുണ്ടാകാൻ പൊതുജന സേവനമാണ് നല്ലവഴിയെന്ന് കണ്ടെത്തിയത് ഇൗയിടെയാണ്.

എം.പിയോ എം.എൽ.എയോ ആയി സേവിക്കാൻ ഇമ്മിണി പാടാണ്. പഞ്ചായത്ത് മെമ്പറോ മുനിസിപ്പിൽ കൗൺസിലറോ ആവുകയാണ് നല്ല വഴി. പപ്പട വട്ടം സ്ഥലമേയുള്ളു. രാവെളുക്കുവോളം സേവിക്കാം. പക്ഷേ നാട്ടിൽ കുറേ പൊതുപ്രവ‌ർത്തകരും രാഷ്ട്രീയക്കാരുമുണ്ട്. ശല്യങ്ങൾ. മരണവീട്ടിൽ സഹായം ചെയ്തും അതിരുതർക്കം നടക്കുന്നിടത്ത് മദ്ധ്യസ്ഥത പറഞ്ഞും കണ്ണിൽകാണുന്നവരോടെല്ലാം ലോഹ്യം പറഞ്ഞും അവർ നാട്ടുകാർക്ക് വേണ്ടപ്പെട്ടവരാണ്.. പക്ഷേ നമുക്കത് പറ്റില്ലല്ലോ. കൈനനയാതെ മീൻ പിടിച്ചാണ് ശീലം. പാർട്ടി ഏതായാലും മുകളിൽത്തന്നെ പിടിക്കണം. നാട്ടിൻപുറത്ത് പാർട്ടിക്ക് വേണ്ടി പണിയെടുത്തവർക്ക് കിട്ടുന്ന അവസരമാണ് തദ്ദേശ തിരഞ്ഞെടുപ്പ് എന്നത് ശരിയാണ്. എന്നു കരുതി ബാക്കിയുള്ളവരും ഇൗ രാജ്യക്കാരല്ലേ. നാടിനെ സേവിക്കാൻ അവർക്കും ഇല്ലേ ആഗ്രഹം. അണികൾ ആദ്യം ഒന്നു മുറുമുറുക്കും. എങ്കിലും വലിയ നേതാക്കൾ പറഞ്ഞാൽ അനുസരിച്ചുകൊള്ളും. പാർട്ടി പരാജയപ്പെടരുതെന്ന് ഉള്ളതിനാൽ കൊടിപിടിച്ച് അണികൾ പുറകേ നടന്നുകൊള്ളും. എന്നാലും നമുക്ക് അൽപം ബുദ്ധിമുട്ടാണ്. പ്രഷറും ഷുഗറും വാതവും പിത്തവും മറ്റെന്തൊക്കെയോ കുന്ത്രാണ്ടങ്ങളും ഉള്ളതുകൊണ്ട് പത്തടി നടക്കുമ്പോൾ കിതയ്ക്കും. മാസ്ക് ഉള്ളതുകൊണ്ട് ഒരു പ്രയോജനമുണ്ട്. കണ്ണിൽ കാണുന്നവരോടെല്ലാം ചിരിച്ചുകാണിക്കണ്ട. വോട്ടുചോദിക്കാൻ ഇറങ്ങുമ്പോൾ പ്രായമായവരെയും കുഞ്ഞുങ്ങളെയും തൊട്ടും തലോടിയും വർത്തമാനം പറയണമെന്ന് കേൾക്കുന്നു. കൊവിഡാണ് ചുറ്റും. സൂക്ഷിച്ചുവേണം തൊടലും തലോടലും. പത്തുലിറ്റർ സാനിറ്റൈസർ ഇപ്പോഴേ വാങ്ങി വയ്ക്കണം.

ജയിക്കണമെന്ന് നിർബന്ധമില്ല. നാലാൾ അറിയണം. അത്രേയുള്ളു. തോറ്റാൽ പാർട്ടിക്ക് പോയി. നമുക്കെന്ത്. തോറ്റ മെമ്പർ എന്നത് അത്ര മോശം പദവിയൊന്നുമല്ലല്ലോ..

------------------

നാട്ടിലൊരു മതിപ്പുണ്ടാകാൻ പൊതുജന സേവനമാണ് നല്ലവഴിയെന്ന് കണ്ടെത്തിയത് ഇൗയിടെയാണ്. എം.പിയോ എം.എൽ.എയോ ആയി സേവിക്കാൻ ഇമ്മിണി പാടാണ്. പഞ്ചായത്ത് മെമ്പറോ മുനിസിപ്പിൽ കൗൺസിലറോ ആവുകയാണ് നല്ല വഴി. പപ്പട വട്ടം സ്ഥലമേയുള്ളു. രാവെളുക്കുവോളം സേവിക്കാം.