മദ്ധ്യതിരുവിതാംകൂറിന് പുറത്ത് നിന്ന് മാർത്തോമ മെത്രാപ്പൊലീത്ത സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്ന ആദ്യ മേൽപ്പട്ടക്കാരൻ ഗീവർഗീസ് മാർ തിയഡോഷ്യസ് തിരുമേനി കാഴ്ചപ്പാടുകളിലും കർമ്മ മേഖലകളിലും വ്യത്യസ്തനാണ്. സമൂഹം പുറന്തള്ളിയവരുടെ ഒപ്പം നടന്ന് അവരുടെ മാനവികതയ്ക്ക് വേണ്ടി ശബ്ദിച്ച, ലിംഗസമത്വം എന്ന നിലപാടിൽ ഉറച്ച് നിന്ന, ട്രാൻസ്ജൻഡറുകളെ സമൂഹത്തോടൊപ്പം ചേർത്തു നിറുത്താൻ ശ്രമിച്ച ഇടയൻ.
ഒരേ മാമോദീസ തൊട്ടിയിൽ നിന്ന് മാമോദീസ സ്വീകരിച്ച രണ്ടു പേർ വ്യത്യസ്ത സഭകളുടെ അദ്ധ്യക്ഷരായി. ഒരാൾ ഒാർത്തഡോക്സ് സഭയുടെ കാലം ചെയ്ത ഡോ. മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവ. രണ്ടാമൻ നിയുക്ത മാർത്തോമ മെത്രാപ്പൊലീത്ത. ഇരുസഭകളിലെയും വിശ്വാസികൾ ആരാധിക്കുന്ന കൊല്ലം പെരിനാട് പള്ളിയിലായിരുന്നു ഇരുവരുടെയും മാമോദീസ.
ഗീവർഗീസ് മാർ തിയഡോഷ്യസ് തിരുമേനിയുമായി നടത്തിയ സംഭാഷണത്തിൽ നിന്ന്:
വൈദിക ശുശ്രൂഷ ഒരു സ്വപ്‌നമായിരുന്ന
അതൊരു ദൈവനിയോഗമായിരുന്നു. കുടുംബവും ചുറ്റുപാടുകളും വലിയ സ്വാധീനമായി. കൊല്ലം അഷ്ടമുടിയിലാണ് ഞാൻ ജനിച്ചത്. പിതാവ് ക്യാപ്റ്റൻ ഡോ. കെ.ജെ. ചാക്കോ സൈന്യത്തിൽ ഡോക്ടറായിരുന്നു. മാതാവ് കോട്ടയം സ്വദേശി മറിയാമ്മ തോമസ് (ശിമോനി). മാതാപിതാക്കളുടെ ദൈവഭക്തി, ചെറുപ്രായത്തിൽ എന്നിൽ സ്വാധീനമായി. വിവിധ കാലങ്ങളിൽ ഇടവകയിൽ ശുശ്രൂഷ ചെയ്ത വൈദികരുടെ സമർപ്പിത ശുശ്രൂഷ വലിയ പ്രചോദനമായി.
ജീവിതത്തിൽ വഴിത്തിരിവായ അനുഭവങ്ങൾ?
മുംബൈ, കൊൽക്കത്ത നഗരങ്ങളിലെ ശുശ്രൂഷ ജീവിതം, ശാന്തിനികേതൻ വിശ്വഭാരതി യൂണിവേഴ്‌സിറ്റിയിലെ പഠനം, കാനഡയിലെ വാസം, തിരുവനന്തപുരം മുരുക്കുംപുഴയിലെ സാധാരണക്കാരോടൊപ്പം ചെലവഴിച്ച നിമിഷങ്ങൾ ഇവയൊക്കെ ജീവിതത്തിൽ പകർന്നു നൽകിയ പാഠങ്ങൾ ഏറെയാണ്.വൈദിക ശുശ്രൂഷയിൽ ആദ്യനിയോഗം മുംബൈ സാന്താക്രൂസ് സെന്റർ തോമസ് ഇടവകയിലേക്കായിരുന്നു. ഏറ്റവും തിരക്കേറിയ നഗരം, ജീവിത സംഘർഷങ്ങൾ, ചേരികളിലെ ദാരിദ്ര്യം ഇവ അടുത്തറിഞ്ഞു. കൊൽക്കത്ത ജീവിതത്തിൽ മദർ തെരേസയേയും മിഷിനറീസ് ഒഫ് ചാരിറ്റീസ് പ്രവർത്തനങ്ങളെയും അടുത്തറിയാൻ കഴിഞ്ഞു. ശാന്തിനികേതനിലെ വിശ്വഭാരതി യൂണിവേഴ്‌സിറ്റിയിൽ നിന്ന് മത താരതമ്യ പഠനത്തിൽ പി.ജി. സമ്പാദിച്ചു.
എല്ലാവർഷവും ഓരോ വ്യക്തിയും കുറേ മരങ്ങൾ വച്ചുപിടിപ്പിക്കണമെന്ന അവബോധം ശാന്തിനികേതൻ എനിക്ക് നൽകി. 1980ൽ കാനഡയിൽ നോക്ക്മാസ്റ്റർ യൂണിവേഴ്‌സിറ്റിയിൽ ഹിന്ദുമത പഠനത്തിൽ ഏർപ്പെട്ടു. പിന്നീട് പിഎച്ച്.ഡിക്കായുള്ള ഗവേഷണത്തിന്റെ കാലം.
മുരുക്കുംപുഴയിൽ താമസിച്ച് ശ്രീനാരായണ ഗുരുവിന്റെ സ്വാധീനം എന്ന വിഷയത്തിൽ ആ ഗ്രാമത്തിലുള്ള ആളുകളുമായി സംസാരിച്ച് വിവരങ്ങൾ ശേഖരിച്ചു. ഗുരുവിന് മുൻപും പിൻപുമുള്ള മതപരമായ സ്വാധീനങ്ങൾ ജനതയെ എങ്ങനെ നയിച്ചു എന്നത് പഠനവിഷയമാക്കി. Change and continuty in the religious Life of Ezhava in Southern Travancore എന്ന തിസീസ് സമർപ്പിച്ച് ഡോക്ടറേറ്റ് നേടി. 'ശ്രീനാരായണഗുരു, പ്രവാചക സങ്കൽപ്പത്തിന്റെ കേരളീയ ആവിഷ്കാരം' എന്ന ഗ്രന്ഥവും പ്രസിദ്ധീകരിച്ചു.
ശ്രീനാരായണഗുരു കേരളത്തിന്റെ നവോത്ഥാനത്തെ എങ്ങനെയാണ് സ്വാധീനിച്ചത് ?
സമൂഹത്തിന്റെ നവോത്ഥാനം മതപരമായി നിർവഹിക്കാൻ ഗുരുസ്വാമി ആഗ്രഹിച്ചപ്പോൾ വിവിധ സ്ഥലങ്ങളിൽ വൈവിധ്യമാർന്ന ശൈലിയിൽ ക്ഷേത്രപ്രതിഷ്ഠകൾ നിർവഹിച്ചു. ക്ഷേത്രങ്ങളിലും ഭവനങ്ങളിലും ആരാധനകൾ നിർവഹിക്കേണ്ടതിന്റെ ആവശ്യകത ഗുരു ഉദ്‌ബോധിപ്പിച്ചു. സംഘടിച്ച് ശക്തരാകുക, പഠിച്ച് പ്രബുദ്ധരാകുക, മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നീ കാര്യങ്ങൾ പ്രബോധനങ്ങളായി നൽകുക വഴി ഈഴവ സമൂഹത്തെ മാത്രമല്ല കേരളീയ സമൂഹത്തെ ആകമാനം സ്വാധീനിച്ചു. സംസ്‌കൃതവത്കരണമോ പാശ്ചാത്യവത്കരണമോ അല്ല, കാലഘട്ടത്തിനൊത്ത് വളർന്നുവരാൻ ഉതകുന്ന ആധുനികവത്കരണമാണ് ഈഴവ സമൂഹത്തിന് ആവശ്യം എന്ന് ബോധ്യപ്പെടുത്തി. ഇതിലൂടെ ഈഴവർ ഒരു സമൂഹമായിതന്നെ നിലനിന്നുകൊണ്ട് മുഖ്യധാരയിലേക്ക് വളർന്നുവരുന്നതിന് സാദ്ധ്യമായി.
മേൽപ്പെട്ട ശുശ്രൂഷയിൽ?
1987-89ൽ മലബാർ പ്രദേശത്ത് താമസിച്ച് കോഴിക്കോട്ട് സെന്റ് പോൾസ് ഇടവകയിൽ ശുശ്രൂഷ ചെയ്തു. മലബാർ മേഖലയിലുള്ള മുസ്ലിം സമൂഹങ്ങളുമായി ഒരുമിച്ചു ചേർന്ന് പ്രവർത്തിക്കാൻ അവസരം ലഭിച്ചു. 1989 ഡിസംബറിലാണ് സഭയുടെ എപ്പിസ്കോപ്പയായി നിയോഗിതനായത്. 2020 ജൂൺ 12ന് സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്തയായി നിയമിതനായി. 2020 ഒക്ടോബർ 18ന് ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്തയുടെ വിയോഗത്തോടെ സഭയുടെ ആകമാന ചുമതലകളിലേക്ക് പ്രവേശിക്കേണ്ടി വന്നു. ഇതൊരു ദൈവവിളിയായി കാണുന്നു.
ട്രാൻസ്‌ജെൻഡറുകൾക്കിടയിലെ പ്രവർത്തനം?
സമൂഹത്തിൽ ആരും ഒറ്റപ്പെടരുത്. തള്ളപ്പെടരുത്. എല്ലാവരും സംരക്ഷിക്കപ്പെടേണ്ടവരാണ്. പുരുഷമേധാവിത്വമുള്ള സാമൂഹ്യതലത്തിൽ ലിംഗവിവേചനം കൂടാതെ എല്ലാവരെയും ചേർത്തുനിറുത്തണം. അത് സഭയുടെ ദൗത്യമാണ്. ഈ പശ്ചാത്തലത്തിലാണ് ട്രാൻസ്‌ജെൻഡറുകളെ സമൂഹവുമായി ചേർത്ത് നിറുത്തുന്ന പ്രവർത്തനങ്ങൾക്ക് സഭ നേതൃത്വം നൽകിയത്. അതൊരു സമൂഹ്യ വിപ്ലവമായി മാറുകയായിരുന്നു.
ഒാർത്തഡോക്സ് - യാക്കോബായ തർക്കത്തിൽ മാർത്തോമ സഭയുടെ നിലപാട് ?
ഇരുസഭകളെയും ആദരിക്കേണ്ടത് ആവശ്യമാണ്. ഇപ്പോൾ നടക്കുന്നത് അവകാശങ്ങളെച്ചൊല്ലിയുള്ള വിവാദമാണ്. ഒരുഭാഗത്ത് നിയമബാദ്ധ്യത, മറുഭാഗത്ത് ജനങ്ങൾക്കുണ്ടാകുന്ന നഷ്ടം. ഒരു ദേവാലയത്തിൽ ആരാധിച്ചുവരുന്ന സമൂഹത്തിന് തങ്ങൾ നിർമ്മിച്ച ദേവാലയങ്ങൾ നഷ്ടമാകുന്നുവെന്നത് പ്രയാസകരമായി തീരുന്നു. തദ്ദേശീയരായ ജനങ്ങൾക്ക് അവരുടെ ഭാഷയിൽ ആരാധന സാദ്ധ്യമായിത്തീരണം എന്നത് നവീകരണ സഭയുടെ ചിന്തയാണ് . അത് നഷ്ടപ്പെടുന്ന സമൂഹത്തോട് ആർദ്രത തോന്നുന്നത് സ്വാഭാവികം മാത്രം.
സമൂഹത്തിന് നൽകാനുള്ള സന്ദേശം?
ഈ ലോകം നല്ലത് എന്നാണ് ദൈവം കണ്ടത്. അതിനെ നല്ലതായി കാണാൻ മനസുണ്ടാകണം. സ്‌നേഹമാണ് ഏറ്റവും വലുത്. പ്രകൃതി സംരക്ഷിക്കപ്പെടണം. വായുമലിനീകരണം ഉണ്ടാകരുത്. കൊവിഡ് 19 ഓർമ്മപ്പെടുത്തലാണ്. സംശുദ്ധമായ ജീവിതത്തിന് ആവശ്യമായ സാമൂഹികതലം സൃഷ്ടിക്കപ്പെടണം. കുടുംബത്തിന്റെ ഭദ്രത കാത്തുസൂക്ഷിക്കണം. ദൈവഭക്തിയിൽ എല്ലാവരും വളർന്നുവരണം.