തിരുവല്ല: എം.സി.റോഡിനെയും ടി.കെ.റോഡിനെയും ബന്ധിപ്പിക്കുന്ന തിരുമൂലപുരം - കറ്റോട് റോഡിൻ്റെ നിർമ്മാണ ഉദ്ഘാടനം മാത്യു ടി. തോമസ് എം.എൽ.എ നിർവഹിച്ചു. തിരുമൂലപുരം മുതൽ കറ്റോട് വരെയുള്ള 3 കിലോമീറ്ററോളം വരുന്ന റോഡ് ഉന്നത നിലവാരത്തിലാണ് പുനർനിർമ്മാണം നടത്തുന്നത്. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡിന്റെ നവീകരണത്തിനായി മാത്യു ടി.തോമസ് എം.എൽ.എയുടെ ഫണ്ടിൽ നിന്നും മൂന്നര കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ബി.എം ആൻഡ് ബി.സി ടാറിംഗിൽ അര കിലോമീറ്ററോളം നീളത്തിൽ നിർമ്മാണത്തിൽ പ്ലാസ്റ്റിക്കും ഉപയോഗിക്കും.
പ്രധാന ഇടങ്ങളിൽ ഇൻറർലോക്ക് കട്ടകൾ പാകും. റോഡ് മാർക്കിംഗും നിർമ്മാണ പ്രവൃത്തിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ മുനിസിപ്പൽ കൗൺസിലർമാരായ എം.സി. അനീഷ് കുമാർ, ജേക്കബ് ജോർജ്, അജിത, മഹാത്മഗാന്ധി സ്മാരക ഗ്രന്ഥശാല പ്രസിഡൻ്റ് ടി.എ. റെജികുമാർ, സെക്രട്ടറി കോശി ജേക്കബ്, പൊതുമരാമത്ത് വകുപ്പ് അസി.എക്സിക്യുട്ടീവ് എൻജിനീയർ ബിജി തോമസ്, അസി.എൻജിനീയർ ബിജുന എലിസബത്ത് മാമ്മൻ എന്നിവർ പങ്കെടുത്തു.
-3 കിലോമീറ്റർ ഉന്നത നിലവാരത്തിൽ
-എം.എൽ.എയുടെ ഫണ്ടിൽ നിന്നും മൂന്നര കോടി രൂപഅനുവദിച്ചു