ചെങ്ങന്നൂർ: ഉമയാറ്റുകര സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് ചാർലി ഏബ്രഹാം രാജിവെയ്ക്കണമെന്നും, അദ്ദേഹത്തിന്റെ സാമ്പത്തിക ശ്രോദസുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും മുൻ ബോർഡ് അംഗങ്ങൾ പത്രസമ്മേളനത്തിൽ അവശ്യപ്പെട്ടു. ഉമയാറ്റുകര സർവീസ് സഹകരണബാങ്ക് നമ്പർ 499 ൽ 13.95 കോടി രൂപയുടെ ക്രമക്കേട് നടന്നതായി സഹകരണ വകുപ്പ് മാന്നാർ യൂണിറ്റ് ഇൻസ്‌പെക്ടർ കണ്ടെത്തി ജെ ആറിന് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ബാങ്ക് പ്രസിഡന്റ് ചാർലി ഏബ്രഹാം രാജിവെയ്ക്കണം. റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുള്ള മുഴുവൻ ക്രമക്കേടുകളുടെയും ഉത്തരവാദി പ്രസിഡന്റ് മാത്രമാണ്. വായ്പ അനുവദിച്ചതിൽ മുതൽ ബാങ്ക് വക ഭൂമിയിലെ പാറപൊട്ടിച്ചു കടത്തിയതിൽ വരെ ക്രമക്കേട് ഉണ്ടായതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. വലിയ ക്രമക്കേടായി പറയുന്ന 60 ലക്ഷം രൂപ പ്രസിഡന്റ് ചാർലി ഏബ്രഹാമിന്റെയും ഭാര്യയുടെയും മക്കളുടെയും മറ്റു കുടുംബാംഗങ്ങളുടെയും പേരിൽ അനുവദിച്ചതാണ്. ഈ തുകയുടെ പലിശ 21ലക്ഷം രൂപ പോലും തിരിച്ചടപ്പിക്കാത്തത് ഭരണസമിതിയുടെ വീഴ്ച ആയിട്ടാണ് ഇൻസ്‌പെക്ടർ ചൂണ്ടിക്കാട്ടുന്നത്. മറ്റു വലിയ തുകകൾക്കുള്ള വായ്പകൾക്ക് ഈടായി നൽകുന്ന വസ്തുവിന്റെ വാലുവേഷൻ പ്രസിഡന്റ് മാത്രമായിട്ടാണ് നടത്തിയിരിക്കുന്നത്. ഇതിന് ഉപസമിതി വേണമെന്ന ചട്ടം ലംഘിച്ചതിലൂടെ ഈ തുക തിരിച്ചടപ്പിക്കാത്തതിന്റെ ഉത്തരവാദിത്വവും പ്രസിഡന്റിന് മാത്രമുള്ളതാണ്. സഹകരണ ബാങ്ക് വളപ്പിലെ പാറപൊട്ടിച്ച ഇനം വരവ് 6700 രൂപ മാത്രമാണ് കണക്കിലുള്ളത്. പാറപൊട്ടിച്ചതിന് 1,96,000 രൂപ ചെലവായും കണക്കിൽ കാണിച്ചിട്ടുണ്ട്. ഇത് വസ്തുതാ വിരുദ്ധമാണ്. ബാങ്കിന്റെയും നിക്ഷേപകരുടെയും താൽപര്യം സംരക്ഷിക്കാൻ വകുപ്പ് മന്ത്രിനേരിട്ട് ഇടപെടണം.അല്ലാത്ത പക്ഷം നിയമനടപടികളിലേക്ക് കടക്കാൻ നിർബന്ധിതരാകുമെന്ന് വാർത്താ സമ്മേളനത്തിൽ മുൻ ബോർഡ് അംഗങ്ങൾ സജു ഇടക്കല്ലിൽ, ടി.ഗോപി, ഡോ.അനില എന്നിവർ വ്യക്തമാക്കി.