കലഞ്ഞൂർ: ഒറ്റപ്പെടലിന്റെ വിരസതയും ഓൺലൈൻ ക്ലാസ്സുകളുടെ സമർദത്തിലുമായിരിക്കുന്ന വിദ്യാർത്ഥികൾക്കരികിലേക്ക് സൗഹൃദ വർത്തമാനങ്ങളുമായി എത്തുകയാണ് ഇൗ അദ്ധ്യാപകൻ. കലഞ്ഞൂർ ഗവ.ഹയർ സെക്കന്ഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കന്ഡറി സ്‌കൂളിലെ അപ്പർ പ്രൈമറി വിഭാഗം അദ്ധ്യാപകൻ ഫിലിപ്പ് ജോർജാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാർത്ഥികളെ കാണാൻ എത്തുന്നത്. സോപ്പിട്ട് കൈ കഴുകി മാസ്‌കും ധരിച്ചാണ് കൂടിക്കാഴ്ച. വീടാകളിൽ ഒറ്റപ്പെട്ടു പോയ കുട്ടികൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ രക്ഷിതാക്കളിൽ നിന്ന് മനസിലാക്കി പരിഹാരം ഒരുക്കാനാണ് കൂടിക്കാഴ്ച നടത്തുന്നതെന്ന് ഫിലിപ്പ് ജോർജ് പറഞ്ഞു. ഒരാഴ്ചമുമ്പ് പ്രഥമാദ്ധ്യാപകന്റെ അനുമതിയോടെ ക്ലാസ് ഗ്രൂപ്പുകളിൽ അറിയിപ്പ് നല്കിയപ്പോൾ രക്ഷിതാക്കളും കുട്ടികളും താല്പര്യത്തോടെ പ്രതികരിക്കുകയായിരുന്നു. സൗകര്യപ്രദമായ സ്ഥലവും സമയവും അറിയിച്ചാൽ അദ്ധ്യാപകൻ അവിടെ എത്തും. ഒരിടത്ത് പരമാവധി 4 കുട്ടികളാണ് ഒന്നിച്ച് ചേരേണ്ടത്. ആ പ്രദേശം കണ്ടെയ്ൻമെന്റ് മേഖല ആകരുതെന്ന നിർദേശമുണ്ട്. പാഠഭാഗങ്ങൾക്കൊപ്പം കൊവിഡ് വ്യാപനം തടയുന്നതിനാവശ്യമായ നിർദേശങ്ങളിലൂടെ തുടരുന്ന ചർച്ച പൊതുവിജ്ഞാനവും മാനസിക ഉല്ലാസവും പകരുന്നതാണ്. കഴിഞ്ഞ 14 വർഷമായി സ്‌കൂളിലെ എല്ലാ സാമൂഹിക സേവന രംഗത്തും വിദ്യാർത്ഥികൾക്ക് മാതൃകയാണ് ഇൗ അദ്ധ്യാപകൻ. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയിലും സഹകരിക്കുന്നു. വിദ്യാർത്ഥികൾക്ക് മാനസികോല്ലാസം നല്കാനായി ആരംഭിച്ചിരിക്കുന്ന ചിരി പദ്ധതിയുടെ ജില്ലാതല കൗൺസിലർ കൂടിയാണ് ഫിലിപ്പ് ജോർജ്. ഫോൺ : 9447556151