പന്തളം: കുട്ടിക്കൂട്ടത്തിന്റെ ദുരിതത്തിന് പരിഹാരമായി സ്വന്തം കെട്ടിട നിർമ്മാണം ആരംഭിച്ചു. പന്തളം നഗരസഭയിലെ 24-ാം വാർഡിലെ 29ാം അങ്കണവാടിക്കാണ് സ്വന്തം കെട്ടിടമാകുന്നത്. വർഷങ്ങങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വരികയായിരുന്നു.പരിമിതമായ സൗകര്യങ്ങൾ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളു. ഇത് കുട്ടികൾക്കും,രക്ഷിതാക്കൾക്കും, ജീവനക്കാർക്കും ഒരുപോലെ പ്രയാസം സൃഷ്ടിച്ചിരുന്നു.ഈ അവസ്ഥ മനസിലാക്കി പൂഴിക്കാട് കിഴക്കടത്ത് വടക്കേതിൻ (ഗ്രയ്‌ലാലാന്റിൽ) കെ.ജോർജ്കുട്ടി അങ്കണവാടി പണിയുന്നതിന് തന്റെ വക പൂഴിക്കാട് വല്ല്യയ്യത്ത് ഭാഗത്തുള്ള ഭൂമി സൗജന്യമായി അങ്കണവാടിക്ക് നല്കാൻ തയാറായി. സന്നദ്ധ സംഘടനയായ ആക്ഷൻ എയിഡ് അസോസിയേഷൻ എന്ന സംഘടനയാണ് 600 സ്‌ക്വയർഫീറ്റുള്ള കെട്ടിടം നിർമ്മിച്ചു നൽകുന്നത്.പഠനത്തിനും വിശ്രമത്തിനുമായി ഹാൾ,ഓഫീസ് മുറി,സ്റ്റോർ,അടുക്കള,ടോയ് ലറ്റ്,സിറ്റ് ഔട്ട് എന്നിവയുളള കെട്ടിടമാണ് നിർമ്മിക്കുന്നത്.ഇതിന്റെ നിർമ്മാണോദ്ഘാടനം പന്തളം നഗരസഭാ ചെയർപേഴ്‌സൺ ടി.കെ.സതി,വാർഡ് കൗൺസിലർ ആനി ജോൺ തുണ്ടിൽ എന്നിവർ ചേർന്ന് നിർവഹിച്ചു.ഡിസംബർ മാസത്തിൻ കെട്ടിടം പൂർത്തീകരിച്ച് ഇവിടേക്ക് കുട്ടികളെ പ്രവേശിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണുള്ളതെന്ന് വാർസ് കൗൺസിലർ ആനി ജോൺ തുണ്ടിൽ പറഞ്ഞു.