പത്തനംതിട്ട: വോട്ടർമാരെ കാണാൻ മുഖം മറച്ച് എത്തേണ്ട ഗതികേടിലാണ് സ്ഥാനാർത്ഥികളും പ്രവർത്തകരും. സ്ഥാനാർത്ഥികൾ വീടുകളിൽ എത്തുന്ന നേരത്ത് ചിലപ്പോൾ വോട്ടർമാരും മുഖം മറയ്ക്കും. വോട്ടു വാങ്ങിച്ചു ജയിച്ചു പോയവർ പിന്നീട് വാർഡിലേക്ക് എത്തി നോക്കിയില്ലെന്ന ആക്ഷേപം കേൾക്കുമ്പോൾ മുഖം മറക്കുന്നു എന്നു പറയുന്ന പോലെയല്ല ഇത്.
കൊവിഡിന്റെ 'ചിഹ്ന'മായ മാസ്ക് മുഖത്ത് അണിയണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർബന്ധമാണ്. ഇല്ലെങ്കിൽ സ്ഥാനാർത്ഥികളുടെയും പാർട്ടിയുടെയും അംഗീകാരം റദ്ദാക്കിയെന്നു വരും. അതുകൊണ്ട് എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കണം.
സ്ഥാനാർത്ഥികളെയും പ്രവർത്തകരെയും മാസ്ക് അണിയിക്കാൻ തയ്യൽക്കടക്കാരും ഒരുങ്ങിയിട്ടുണ്ട്. മാസ്ക് ഒന്നുകൂടി ജനകീയമാകുന്നത് തിരഞ്ഞെടുപ്പ് ഉത്സവത്തിലാണെന്ന് മുൻകൂട്ടിക്കണ്ട് മാസ്കിന്റെ തയ്യൽ പൊടിപൊടിക്കുകയാണ്. ഒാരോ പാർട്ടിയുടെ നിറവും ചിഹ്നവുമുള്ള മാസ്കാണ് വിപണിയിലെത്തുന്നത്. കൊള്ള വിലയൊന്നുമില്ല. സാധാരണ മാസ്കിന്റെ വില മാത്രം.
പക്ഷെ, മാസ്കിന്റെ തയ്യൽ അൽപ്പം കട്ടിയാണെന്ന് പത്തനംതിട്ട പഴയ ബസ് സ്റ്റാന്റിൽ എയ്ഞ്ചൽ ഗാർമെന്റ്സ് എന്ന തയ്യൽക്കട നടത്തുന്ന ഷിബു ചെറിയാൻ പറയുന്നു. ഒരു പാർട്ടിയുടെ മാസ് തയ്ക്കാൻ കുറഞ്ഞത് 25 മിനിട്ട് വേണ്ടിവരും. സാധാരണ മാസ്ക് അഞ്ചോ പത്തോ മിനിട്ടിനുള്ളിൽ തയ്ച്ച് തീരും. പാർട്ടി മാസ്കിന് ഒരു നിറം മാത്രമായിരിക്കില്ല. ഒരു നിറം വേണ്ടിവരുന്നത് സി.പി.എമ്മിന്റെ ചുവപ്പ് മാസ്കിന് മാത്രമാണ്. കോൺഗ്രസ് മാസ്കിൽ കാവിയും വെള്ളയും പച്ചയും നിറമുളള തുണി തുന്നിച്ചേർക്കണം. ബി.ജെ.പി മാസ്കിൽ കാവിയും പച്ചയും. അതുകൊണ്ടും തീരുന്നില്ല കട്ടിപ്പണി. സി.പി.എമ്മിന്റെ അരിവാൾ ചുറ്റിക നക്ഷത്രവും കോൺഗ്രസിന്റെ കൈപ്പത്തിയും ബി.ജെ.പിയുടെ താമരയും അവരവരുടെ മാസ്കിൽ ചേർക്കണം. ചിഹ്നം കട്ട് ചെയ്തെടുക്കാനാണ് സമയം വേണ്ടി വരിക. പാർട്ടികളുടെ മാസ്കിനൊപ്പം സ്ഥാനാർത്ഥികളെ അണിയിക്കാനുള്ള ഷാളുകളും തയ്യൽക്കടകളിൽ ഒരുങ്ങുന്നുണ്ട്.
കൊവിഡ് രംഗപ്രവേശം ചെയ്തപ്പോൾ മാസ്കിന് തീവിലയായിരുന്നു. ഇതുകണ്ട് രണ്ടായിരം മാസ്കുകൾ തയ്ച്ച് സ്വദേശമായ വള്ളിക്കോട് സൗജന്യമയി വിതരണം ചെയ്തിട്ടുണ്ട് ഷിബു ചെറിയാൻ.