school
പെരിങ്ങര ഗവ.ഹയർസെക്കന്ററി സ്കൂളിൽ കെട്ടിടനിർമ്മാണം തുടങ്ങിയപ്പോൾ

തിരുവല്ല: കാത്തിരിപ്പിനൊടുവിൽ പെരിങ്ങര ഗവ.ഹയർസെക്കന്ഡറി സ്‌കൂളിൽ കെട്ടിടനിർമ്മാണം തുടങ്ങി. പണം അനുവദിച്ചിട്ടും ഏറെ വൈകിയാണ് സ്‌കൂളിലെ ഹയർസെക്കന്ഡറി വിഭാഗത്തിനായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പണികൾ തുടങ്ങിയത്. നാല് മുറികളോട് കൂടി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ അടിത്തറയുടെ നിർമ്മാണത്തിനാണ് കഴിഞ്ഞദിവസം തുടക്കമായിരിക്കുന്നത്. ഒരു ടീച്ചേഴ്‌സ് റൂമും മൂന്ന് ക്ലാസ് മുറികളും ശൗചാലയങ്ങളുമാണ് കെട്ടിടത്തിൽ ഉണ്ടാവുക. പ്രളയ ബാധിത മേഖലയായതിനാൽ വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന തരത്തിൽ ഉയർത്തിയാണ് കെട്ടിടം നിർമ്മിക്കുന്നത്. വെള്ളപ്പൊക്ക കാലത്ത് ദുരിതാശ്വാസ ക്യാമ്പായി കൂടി പ്രവർത്തിക്കാൻ കഴിയും വിധം കെട്ടിടത്തിന്റെ ഒന്നാം നിലയിൽ അലൂമിനിയം ഷീറ്റ് ഉപയോഗിച്ച് മേൽക്കൂരയും നിർമ്മിക്കും. മാത്യു ടി.തോമസ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച 75 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് നിർമ്മാണം.

കെട്ടിട നിർമ്മാണത്തിന് 75 ലക്ഷം

ഒരു ടീച്ചേഴ്‌സ് റൂമും

3 ക്ലാസ് മുറികൾ, ശൗചാലയങ്ങൾ

മൊത്തം 4 മുറികൾ

നിർമ്മാണച്ചുമതല പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്