ചെങ്ങന്നൂർ: പെട്രോൾ ഒഴിച്ച് ആത്മഹത്യാശ്രമം നടത്തിയ യുവാവ് ഗുരുതരാവസ്ഥയിൽ മെഡിക്കൽക്കോളേജിൽ പ്രവേശിപ്പിച്ചു. പാണ്ടനാട് നോർത്തിൽ മുറിയായിക്കര കളീയ്ക്കൽ വീട്ടിൽ പുരുഷോത്തമൻ ശ്യാമള ദമ്പതികളുടെയും മകൻ സുധീർ കുമാർ (ഗിരീഷ് 45), ആണ് ഇന്നലെ ഉച്ചയ്ക്ക് 3.30 ഓടെ ആത്മഹത്യാശ്രമം നടത്തിയത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനിടയിൽ മാതാവുമായി തർക്കം നടന്നിരുന്നു. തുടർന്ന് ഭക്ഷണം വലിച്ചെറിഞ്ഞ ശേഷം തന്റെ മുറിക്കുള്ളിൽ പ്രവേശിച്ച് കതക് അടക്കുകയും കുറച്ച് സമയത്തിന് ശേഷം ശരീരമാകെ തീ പടർന്ന സുധീർ മുറിക്കുള്ളിൽ നിന്നും ഇറങ്ങി പുറത്തേക്ക് ഓടുകയുമായിരുന്നു. സമീപവാസികൾ ഓടിക്കൂടിയപ്പോൾ ശരീരത്ത് തീ കത്തിയനിലയിൽ പുരയിടത്തിന്റെ ഒരു ഭാഗത്ത് വീണുകിടക്കുകയായിരുന്നു സുധീർ. തീ അണച്ച ശേഷം ചെങ്ങന്നൂർ അഗ്നിശമന യൂണിറ്റിനെ നാട്ടുകാർ വിവരം അറിയിച്ചു. ആംബുലൻസിൽ സുധീറിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 65 ശതമാനത്തിലേറെ പൊള്ളൽ ഏറ്റിട്ടുണ്ടെന്നാണ് നിഗമനം. ചെങ്ങന്നൂർ സി.ഐ, അഡി.എസ് ഐ എന്നിവർ സ്ഥലത്തെത്തി. ഇയാൾ ശാരീരിക അസ്വസ്ഥതയുള്ള ആളാണെന്ന് മാതാപിതാക്കൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.