പത്തനംതിട്ട : ജല ജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി റാന്നി പഞ്ചായത്തിൽ നടപ്പാക്കുന്ന കുടിവെള്ള വിതരണ പദ്ധതിയുടെ ഉദ്ഘാടനം രാജു എബ്രഹാം എം.എൽ.എ നിർവഹിച്ചു. 3968 വീടുകളാണ് ആകെ ഉള്ളത്. ഇതിൽ 2957 വീടുകളിൽ കുടിവെള്ള കണക്ഷൻ ഉണ്ട്. 1011 വീടുകൾക്കാണ് ഇനി കുടിവെള്ള കണക്ഷൻ നൽകാൻ ഉള്ളത്. ഈ സാമ്പത്തിക വർഷം ഒന്നാം ഘട്ടത്തിൽ 200 ഉം രണ്ടാംഘട്ടത്തിൽ 150 കണക്ഷനുകളും നൽകും.
ഒന്നാംഘട്ടത്തിൽ 200 കണക്ഷനുകൾക്കായി 34.30 ലക്ഷം രൂപയാണ് വിനിയോഗിക്കുക. രണ്ടാം ഘട്ടത്തിനായി 52 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ട്. ബാക്കി വരുന്ന 661 കണക്ഷനുകൾക്കായി റാന്നി പഴവങ്ങാടി വടശേരിക്കര കുടിവെള്ള പദ്ധതി വിപുലീകരിക്കേണ്ടതുണ്ട്. ഇതിന്റെ പ്രോജക്ട് റിപ്പോർട്ട് തയാറാക്കി നൽകിയിട്ടുണ്ട്. റാന്നി പഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനോയി കുര്യാക്കോസ്, സബിത ബിജു, സി. ഉപേന്ദ്രൻ, ഡി. അനിമോൻ, ജിബുമോൻ തുടങ്ങിയവർ സംസാരിച്ചു.