mullappally

പത്തനംതിട്ടയെന്ന് കേട്ടാൽ അഭിമാന പൂരിതരാകുന്നവരാണ് കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വം അഥവാ കെ.പി.സി.സി. അതങ്ങനെയാവാൻ നിരവധി കാരണങ്ങളുണ്ട്. യൗവനത്തിന്റെ തിളക്കത്തിൽ നിൽക്കുന്ന പത്തനംതിട്ട ജില്ല ജനിച്ചതു മുതൽ (നവംബർ ഒന്നിന് 38 വയസ് തികഞ്ഞു) നടന്ന തിരഞ്ഞെടുപ്പുകളിൽ ജില്ലക്കാർ 'കൈ' മറന്നിട്ടില്ല. പക്ഷെ, ആ ചരിത്രം എന്നേ മാഞ്ഞ് പോയെന്ന തിരിച്ചറിവ് അടുത്തിടെയെങ്ങാനും കെ.പി.സി.സിക്കുണ്ടാകുമോ എന്നാണ് അറിയേണ്ടത്.

1982ലേക്ക് നോക്കിയാൽ, കെ. കരുണാകരന് മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കാൻ ഒരു എം. എൽ.എയുടെ പിന്തുണ വേണമായിരുന്നു. ഒരു പാർട്ടിയുടെയും പിന്തുണയില്ലാതെ പത്തനംതിട്ടയിൽ നിന്ന് ജയിച്ച് നിയമസഭയ്ക്ക് വണ്ടി കയറിയ കെ.കെ. നായരോട് കരുണാകരൻ ചോദിച്ചു, 'എന്നെ മുഖ്യമന്ത്രിയാകാൻ പിന്തുണയ്ക്കുമോ, പകരം ഞാനൊരു മന്ത്രിക്കസേര തരാം'. കെ.കെ.നായർ പറഞ്ഞു, 'എനിക്ക് മന്ത്രിയാകേണ്ട. പത്തനംതിട്ടയെ ഒരു ജില്ലയാക്കാമോ' എന്ന്. ലീഡർ രണ്ടു കൈയും നീട്ടിക്കൊണ്ടു പറഞ്ഞു ദാ, പിടിച്ചോ പത്തനംതിട്ട ജില്ല. അങ്ങനെ കരുണാകരൻ മുഖ്യമന്ത്രിയും കൊല്ലത്ത് നിന്ന് അടർന്ന് പത്തനംതിട്ട ഒരു ജില്ലയുമായപ്പോൾ കെ.കെ.നായരേക്കാൾ അഭിമാനിച്ചതും ആവേശം കൊണ്ടതും പത്തനംതിട്ടയിലെ കോൺഗ്രസുകാരായിരുന്നു. ലീഡർ തന്ന ജില്ലയിൽ കോൺഗ്രസും യു.ഡി.എഫും അല്ലാത ആര് ജയിക്കാൻ?. നടന്ന തിരഞ്ഞെടുപ്പുകളിൽ എല്ലാം ഭൂരിപക്ഷം യു.ഡി.എഫ് നേടി.

എം.എൽ.എമാർ കൂടുതലും യു.ഡി.എഫ്.

എം.പിയും യു.ഡി.എഫ്.

ജില്ലാ പഞ്ചായത്ത് യു.ഡി.എഫ്.

ബ്ളോക്കുകളിലും പഞ്ചായത്തുകളിലും ഭൂരിപക്ഷം യു.ഡി.എഫ്.

നാട് ചുവന്നത് അറിഞ്ഞില്ല

ഇത് ഞങ്ങളുടെ കോട്ട എന്ന് എപ്പോഴും കത്തിച്ചു പറയുന്ന കൈപ്പത്തിക്കാരുടെ കണ്ണിൽ ചുവപ്പ് നിറവും ത്രിവർണ പതാക പോലെ തോന്നിക്കും. തിരുവനന്തപുരത്ത് ഇരിക്കുന്ന കെ.പി.സി.സിക്കാർക്ക് പത്തനംതിട്ട അവരുടെ ഏരിയ ആയി. പക്ഷെ, ചുവപ്പ് ഒഴുകിപ്പരന്ന് മണ്ണിൽ വിപ്ളവം പൂക്കാനുള്ള നനവേറിയത് പാവം കെ.പി.സി.സിക്കാർ അറിഞ്ഞില്ല. ഡി.സി.സിക്കാർ അറിയിച്ചതുമില്ല. 53 ഗ്രാമപ്പഞ്ചായത്തുകളിൽ പകുതിയോളം ചുവന്നു. എട്ട് ബ്ളോക്കു പഞ്ചായത്തുകളിൽ നാലിലും ചുവപ്പു പാർട്ടിക്കാർ ഭരിക്കുന്നു. നാല് നഗരസഭകളിൽ രണ്ടിൽ എൽ.ഡി.എഫ് ഭരിക്കുന്നു. എന്തിനേറെ, അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും എം.എൽ.എമാർ ഇടതുപക്ഷത്തിന്റേതാണ്. കൈയിലുള്ള ജില്ലാ പഞ്ചായത്തിൽ അടുത്ത തവണ എങ്ങനെയാകുമെന്ന് ഉറപ്പില്ല. അങ്ങനെ ജില്ല ചുവന്നതറിയാതെ, പത്തനംതിട്ട ഞങ്ങളുടെ ഏരിയ എന്ന് ആവർത്തിച്ചുകൊണ്ടിരുന്ന കെ.പി.സി.സിയിൽ നിന്ന് സാക്ഷാൽ മുല്ലപ്പള്ളി രാമചന്ദ്രൻ സാർ കഴിഞ്ഞ ദിവസമാണ് എത്തിയത്.

ഡി.സി.സിയുടെ നേതൃയോഗം വിളിച്ചപ്പോൾ എല്ലാം കണ്ട് സഹിച്ച് മടുത്തുപോയ ഒരു ഖദർ നേതാവ് പൊട്ടിത്തെറിച്ചു. ''സർ, അങ്ങും കെ.പി.സി.സി നേതാക്കളും വിചാരിക്കുന്നുണ്ടാകും പത്തനംതിട്ട യു.ഡി.എഫ് കോട്ടയെന്ന്. എന്താണ് പത്തനംതിട്ടയുടെ സമീപകാല ചരിത്രം എന്നറിയാമോ. എല്ലായിടവും ചുവന്നിരിക്കുന്നു. അങ്ങ് ഇന്നാണല്ലോ വന്നത്. ഇന്നലെ ഒരു പഞ്ചായത്ത് പ്രസിഡന്റും അംഗവും അടക്കം സി.പി.എമ്മിലേക്ക് പോയി. മൂന്നര പതിറ്റാണ്ട് എൽ.ഡി.എഫ് ഭരിച്ച പെരുനാട് അഞ്ച് വർഷം മുൻപ് നമ്മൾ തിരിച്ചുപിടിച്ചതേയുള്ളൂ. ആ പ്രസിഡന്റും അംഗവുമാണ് പാർട്ടിവിട്ടത്''. പലതും താൻ അറിയുന്നില്ലെന്ന പരിഭവം മുല്ലപ്പള്ളിയുടെ മുഖത്ത്.

പദവികൾ അലങ്കാരമാക്കരുത്

കോട്ട തകർന്ന് വീണാലും പഴയ പാരമ്പര്യത്തിൽ അഭിമാനം കൊണ്ടിരിക്കുന്നത് എന്തിനെന്നായിരുന്നു മുല്ലപ്പള്ളിയുടെ ചോദ്യം. എന്തുകൊണ്ടാണ് ജില്ലയിൽ നിന്ന് നമുക്ക് ഒരു എം.എൽ.എ ഇല്ലാതെ പോയത് എന്ന് ഡി.സി.സി ഭാരവാഹികളോടും അംഗങ്ങളോടും മുല്ലപ്പള്ളി ഉറക്കെ ചോദിച്ചപ്പോൾ ആഴമേറിയ മൗനം പരന്നു. ഡി.സി.സി നേതാക്കളുടെ ജംബോ പട്ടിക പരിശോധിച്ച് പേര് വിളിച്ചപ്പോൾ പലരും ഹാജരില്ല. പഴയ മിനിട്സ് നോക്കിയപ്പോൾ യോഗങ്ങളിൽ പങ്കെടുത്തവരുടെ എണ്ണത്തിലും കുറവ്. ഇവരൊക്കെ എവിടെയാണ് എന്ന ചോദ്യത്തിനും മറുപടിയില്ല.

കാര്യങ്ങളുടെ കിടപ്പ് മനസിലാക്കിയ മുല്ലപ്പള്ളി മുന്നറിയിപ്പ് നൽകി. പാർട്ടി പദവികൾ അലങ്കാരമായി കൊണ്ടു ന‌ടക്കാനുള്ളതല്ല. പല ഭാരവാഹികളും പാർട്ടിക്ക് ബാദ്ധ്യതയാണ്. യു.ഡി.എഫിന് അടിത്തറയുള്ള പത്തനംതിട്ടയിൽ നിന്ന് ഒരു എം.എൽ.എ പോലും ഇല്ലാത്തതിൽ നാണക്കേട് തോന്നുന്നു. ആത്മപരിശോധന നടത്തണം. ഇല്ലെങ്കിൽ പദവികൾ ഒഴിഞ്ഞു പോകണം. സംഘടനാപരമായ വീഴ്ചകൾ പരിശോധിക്കണം. ന‌ടപടി വേണം.

ഗ്രൂപ്പും ഗ്രൂപ്പിനുള്ളിൽ ഗ്രൂപ്പുമാണ് ജില്ലയിലെ കോൺഗ്രസിന്റെ പ്രശ്നം. ഡി.സി.സി പ്രസിഡന്റ് പറഞ്ഞാൽ ജനറൽ സെക്രട്ടറിമാർ അംഗീകരിക്കില്ല. പ്രവർത്തകർ പലവഴിക്ക്. പറഞ്ഞാൽ കേൾക്കാത്ത പിള്ളേരുള്ള വീട് പോലെ കുത്തഴിഞ്ഞ പ്രവർത്തനം. ഒന്നുമറിയാതെ പത്തനംതിട്ട തങ്ങളുടെ കോട്ട എന്ന് അഭിമാനിക്കുന്ന കെ.പി.സി.സിക്ക് മുല്ലപ്പള്ളിയുടെ സന്ദർശനം കൊണ്ട് നേരറിവ് കിട്ടിയോ? ത്രിതല തിരഞ്ഞെടുപ്പിന് ശേഷമറിയാം.