ആറന്മുള: ഇ.ഡിയുടെ അന്വേഷണത്തെ ചോദ്യം ചെയ്യാനും ഉദ്യോഗസ്ഥരെ വിളിച്ചു വരുത്താനും നിയമസഭ കാണിക്കുന്ന താത്പര്യം അമിതാധികാര പ്രയോഗമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ആറന്മുളയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയ്ക്ക് ഇ.ഡിയുടെ അന്വേഷണത്തെ തടയാൻ അധികാരമില്ല. സ്പീക്കർ ശ്രീരാമകൃഷ്ണൻ സ്ഥാപിത താത്പര്യത്തിന് വേണ്ടി കള്ളക്കടത്തുകാരെ സംരക്ഷിക്കാൻ നിയമസഭയെ ഉപയോഗിക്കുകയാണ്. സ്പീക്കർക്ക് സ്വർണ്ണകള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി വളരെ അടുത്ത ബന്ധമാണുള്ളത്. നിരവധി തവണ ഇവർ ഫോണിൽ ബന്ധപ്പെട്ടതിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിയമസഭയെ സ്ഥാപിത താത്പര്യത്തിന് ഉപയോഗിക്കുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തും. നിയമസഭയുടെ ഒരു അവകാശത്തെയും ദേശീയ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തിട്ടില്ല. മുടന്തൻ നായങ്ങൾ പറഞ്ഞ് മഞ്ചേശ്വരം എം.എൽ.എ കമറുദ്ദീനെ സംരക്ഷിക്കുന്ന ലീഗുകാർക്ക് സി.പി.എമ്മുമായി ഒരു വ്യത്യാസവുമില്ല. കോടിക്കണക്കിന് രൂപ തട്ടിപ്പിലൂടെ സമ്പാദിച്ച് പല സ്ഥലത്തു പോയി ബിനാമി ഇടപാടിലൂടെ സ്വത്തുകൾ വാങ്ങിക്കൂട്ടുകയാണ് കമറുദ്ദീൻ ചെയ്തത്. ഗത്യന്തരമില്ലാതെയാണ് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. മുസ്ലിംലീഗ് അണികളിൽ നിന്നും ജനങ്ങളിൽ നിന്നും കടുത്ത എതിർപ്പുണ്ടായതാണ് വൈകിയ വേളയിലെ അറസ്റ്റിന് കാരണമായത്. ലീഗ് നേതൃത്വത്തിന് തട്ടിപ്പിൽ പങ്കുള്ളതു കൊണ്ടാണ് കമറുദ്ദീനെ സംരക്ഷിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.