09-ramesh
ജില്ലയിലെ യു.ഡി.എഫ് നേതൃയോഗം രാജീവ് ഭവനിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻ വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് നേതൃയോഗം രാജീവ് ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വർണ്ണകള്ളക്കടത്തുകാർക്കും ലഹരി മരുന്ന് കച്ചവടക്കാർക്കും വിഹരിക്കാവുന്ന പാർട്ടിയായി സി.പി.എം മാറി. സി.പി.എമ്മിന്റെ അഴിമതി വിരുദ്ധ മുദ്രാവാക്യം ജനങ്ങൾ പുശ്ചിച്ച് തള്ളിക്കളയും. കോടിയേരിയുടെ കാര്യത്തിൽ പാലക്കാട് പാർട്ടി പ്ലീന തീരുമാനം നടപ്പാക്കാൻ സി.പി.എം തയ്യാറാകുമോ ?. സി.പി.എം സംസ്ഥാന സെക്രട്ടറിയും കുടുംബവും താമസിക്കുന്ന വീട്ടിലാണ് എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയത്. ഈ വീട്ടിൽ ഇരുന്നുകൊണ്ട് കോടിയേരി സമരം നടത്തിയിട്ടുണ്ട്. നിർണ്ണായക ഡിജിറ്റിൽ തെളിവുകൾ ഇ.ഡി ഇവിടെനിന്ന് ശേഖരിച്ചിട്ടുള്ളതായി കോടതിയെ അറിയിച്ചിട്ടുണ്ട്. ബിനീഷ് കോടിയേരിയുടെ സാമ്പത്തക സ്രോതസ് വെളിപ്പെടുത്താൻ കോടിയേരി തയാറാവണം. സി.പി.എം അണികൾ പേടിച്ച് പ്രതികരിക്കുന്നില്ലെന്നും ഇത് സി.പി.എമ്മിനെ വലിയ ദുരന്തത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ചെയർമാൻ വിക്ടർ ടി. തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ്, കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യൻ, കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് , അടൂർ പ്രകാശ് എം.പി, ആന്റോ ആന്റണി എം.പി, അഡ്വ. കെ. ശിവദാസൻ നായർ , പന്തളം സുധാകരൻ , ജോസഫ് എം. പുതുശ്ശേരി, മാലേത്ത് സരളാദേവി , അഡ്വ. പഴകുളം മധു, പി. മോഹൻരാജ്, യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഷംസുദ്ദീൻ, മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഇ അബ്ദുൾ റഹ്മാൻ, ജില്ലാ പ്രസിഡന്റ് ടി.എ ഹമീദ്, ആർ.എസ്.പി ജില്ലാ സെക്രട്ടറി അഡ്വ. ജോർജ്ജ് വർഗ്ഗീസ്, സി.എം.പി ജില്ലാ സെക്രട്ടറി എം.ആർ.ശശിധരൻ, ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി മലയാലപ്പുഴ ശ്രീകോമളൻ എന്നിവർ പ്രസംഗിച്ചു.