പന്തളം: കള്ളക്കേസിൽ കുരുക്കാൻ സി.പി.എമ്മും ചില മാഫിയകളും ചേർന്ന് ശ്രമിച്ചതായും ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. പന്തളത്ത് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറന്മുള പൊലീസ് കേസെടുത്തിട്ട് 12 ദിവസത്തോളം കഴിഞ്ഞിട്ട് മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി ശിവശങ്കരിനെ അറസ്റ്റ് ചെയ്യുന്ന ദിവസം തന്നെ അറസ്റ്റ് ചെയ്യാനായിരുന്നു സർക്കാർ നീക്കം. പരാതിക്കാരാനായ ഹരികൃഷ്ണനെയും സി.പി.എം ഉപയോഗിച്ചു. സംസ്ഥാനത്ത് കേന്ദ്ര ഏജൻസികൾ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണങ്ങൾ നടത്തുന്നത്. കേരളാ പൊലീസ് ദുഷ്ട ലാക്കോടു കൂടിയാണ് പ്രവർത്തിക്കുന്നത്. തനിക്കെതിരെ പൊലീസ് എഫ്.ഐ.ആർ എടുത്തപ്പോൾ ഒരു വിശദീകരണവും ചോദിച്ചില്ല. എഫ്.ഐ.ആർ ഇടുന്നതിന് മുമ്പും പിൻപും ഉള്ള ടെലിഫോൺ സംഭാഷണങ്ങൾ പരിശോധനാ വിധേയമാക്കണം. നിയമ നടപടിക്ക് പാർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.