മൂന്നാം ക്ലാസിൽ ഓൺലൈൻ പഠനം നടത്തി കൊണ്ടിരിക്കുന്ന ഒരു കുട്ടിയുടെ രക്ഷിതാവുമായി അടുത്തിടെ ഫോണിൽ സംസാരിക്കാനിടയായി. തന്റെ കൊച്ചുമകൻ അന്ന് എഴുതിയ ഇംഗ്ലീഷ് ക്ലാസ് ടെസ്റ്റിനെ പറ്റിയാണ് അദ്ദേഹം സംസാരിച്ചത്. 'അവനെ കൊണ്ട് ഉത്തരമെഴുതാൻ പറ്റുന്നതായിരുന്നില്ല അതിലെ ഭൂരിഭാഗം ചോദ്യങ്ങളും. ഞാൻ സഹായിച്ചിട്ടും അവൻ ആകെ ബുദ്ധിമുട്ടി. മറ്റു വിഷയങ്ങളിലും സ്ഥിതി ഇതുതന്നെ. ഇപ്പോൾ പരീക്ഷ എന്നു കേൾക്കുമ്പോൾ ഭയത്തിലാണ് അവൻ. ഒരു ക്ലാസ് പരീക്ഷ പോലും കുട്ടിയിലുണ്ടാക്കുന്ന മാനസിക സമ്മർദ്ദം എത്രമാത്രമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. അപ്പോൾ പാദ വാർഷിക പരീക്ഷകളുടെയും പൊതു പരീക്ഷകളുടെയും സ്ഥിതി എന്താവും! കുട്ടിയുടെ നിലവാരത്തിനു ചേരാത്ത . കഠിന ചോദ്യങ്ങൾ, പെട്ടെന്നു വായിച്ചു മനസിലാക്കാൻ കഴിയാത്ത അതിലെ ഭാഷ, ചോദ്യങ്ങളിലെ അവ്യക്തത, നിർദിഷ്ട സമയത്തിനുള്ളിൽ ഉത്തരം എഴുതിത്തീർക്കാൻ കഴിയാത്ത സ്ഥിതി, ലഭിക്കാൻ പോകുന്ന മാർക്കിനെ / ഗ്രേഡിനെപ്പറ്റിയുള്ള ആശങ്ക, മന:പാഠമാക്കി പഠിച്ച് പരീക്ഷ എഴുതേണ്ട സ്ഥിതി തുടങ്ങിയവയൊക്കെ പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവിക്കുന്ന മറ്റ് പ്രശ്‌നങ്ങളാണ്. കുട്ടിയുടെ മാനസികാരോഗ്യത്തിനും പഠന മുന്നേറ്റത്തിനും ഒരിക്കലും സഹായകമല്ല ഇവ. കുട്ടിയുടെ പീനവുമായി ബന്ധപ്പെട്ടുള്ള ഇത്തരം പ്രശ്‌നങ്ങൾ കുട്ടികൾക്ക് വലിയ പഠന ഭാരമാണ് ഉണ്ടാക്കുന്നത്.1993 ൽ മുൻ യു.ജി.സി ചെയർമാനായിരുന്ന പ്രൊഫ.യശ്പാൽ അദ്ധ്യക്ഷനായ ഒരു കമ്മിറ്റി പഠന ഭാരങ്ങൾ സംബന്ധിച്ച ഒരു റിപ്പോർട്ട് (Learning without Burden ) കേന്ദ്ര സർക്കാരിനു സമർപ്പിച്ചു.പരീക്ഷയെ കൂടാതെ, പുസ്തകസഞ്ചിയുടെ അമിത ഭാരം, പ്രായത്തിനനുസൃതമായി ഉൾക്കൊള്ളാൻ കഴിയാത്തത്ര ആഴത്തിലുള്ള സിലബസ്, അദ്ധ്യാപകർക്കു പോലും വായിച്ചു മനസിലാക്കാർ പറ്റാത്തതും അനാകർഷകവുമായ പാഠപുസ്തകങ്ങൾ, മാതൃഭാഷയിലൂടെയല്ലാത്ത പഠനം, അന്വേഷിക്കാനും ചിന്തിക്കാനും പ്രവർത്തിച്ചു പഠിക്കാനും അവസരം ലഭിക്കാത്ത പഠനരീതികൾ, ക്ലാസിൽ കുട്ടികളുടെ ബാഹുല്യം തുടങ്ങിയവയും കുട്ടികൾക്ക് പഠനം ഭാരമാക്കി മാറ്റുന്ന കാര്യങ്ങളാണ് എന്നാണ് അതിൽ ചൂണ്ടിക്കാണിക്കുന്നത്.
പഠന ഭാരം ലഘൂകരിക്കാൻ
പുസ്തക സഞ്ചിയുടെ ഭാരം കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് വർഷത്തിൽ അവ മുന്നുവോള്യങ്ങളായി കുട്ടികൾക്കു നൽകി തുടങ്ങിയത്. പാഠ്യപദ്ധതി പരിഷ്‌ക്കരിച്ചതോടെ പാഠപുസ്തകങ്ങളിലെ ഉള്ളടക്കവും അതിലെ പ്രതിപാദന രീതിയും കുട്ടികളുടെ പ്രായത്തിനും താത്പര്യങ്ങൾക്കും അനുസൃതമായി. അവർക്ക് ചിന്തിക്കാനും പ്രവർത്തിക്കാനും താത്പര്യം ജനിപ്പിക്കാനും ഇട നൽകുന്ന പഠന രീതിയും പരീക്ഷാ രീതിയും നടപ്പിൽ വന്നു . എങ്കിലും, പഠന ഭാരത്തിനു കാരണമായ എല്ലാ കാര്യങ്ങളും പരിഹരിച്ചു എന്നു കരുതാനാകില്ല. കുട്ടികളുടെ പഠനഭാരം കുറക്കുന്നതിൽ രക്ഷിതാക്കൾക്കും പ്രധാന പങ്കുണ്ട്. പ്രൈമറി ക്ലാസുകളിലെങ്കിലും മാതൃഭാഷയിലൂടെ കുട്ടികളെ പഠിപ്പിക്കുക, അധികമായ ഹോം വർക്കുകൾ ചെയ്യാനും മന:പാഠം പഠിക്കാനും പ്രേരിപ്പിക്കാതിരിക്കുക, പരീക്ഷയുടെ പേരിൽ അമിത സമ്മർദം ചെലുത്താതിരിക്കുക, ടൈം ടേബിൾ പ്രകാരം മാത്രം പാഠ പുസ്തകങ്ങളും മറ്റ് പഠനസാമഗ്രികളും സ്‌കൂളിൽ കൊണ്ടുപോകാൻ അനുവദിക്കുക, അവശ്യമെങ്കിൽ മാത്രം ട്യൂഷൻ ക്ലാസുകൾക്ക് വിടുക,പഠന പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയുംവിധം സാഹചര്യമൊരുക്കി കൊടുക്കുക, പഠനകാര്യങ്ങളിൽ കുട്ടികളെ താരതമ്യം ചെയ്യാതിരിക്കുക, അവരുടെ ജിജ്ഞാസയെ പ്രോത്സാഹിപ്പിക്കുക, മാനസികോല്ലാസത്തിന് അനുവദിക്കുക തുടങ്ങി നിരവധി കാര്യങ്ങളിൽ രക്ഷിതാക്കൾ ശ്രദ്ധിക്കണം.
(ഡോ.ആർ.വിജയമോഹനൻ)