തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രവളപ്പിലെ കരനെൽകൃഷിയുടെ കന്നിക്കൊയ്ത്തും ഔഷധത്തോട്ട നിർമാണോദ്ഘാടനവും നടന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപ്പിലാക്കുന്ന ദേവഹരിതം പദ്ധതിയുടെ ഭാഗമായി ശ്രീവല്ലഭേശ്വര അന്നദാന സമിതിയുടെ നേതൃത്വത്തിൽ നടത്തിയ കൃഷിയുടെ വിളവെടുപ്പാണ് നടന്നത്. വിളവെടുപ്പിന്റെ ഉദ്ഘാടനം ദേവസ്വംബോർഡ് അംഗം കെ.എസ്.രവിയുടെ സാന്നിധ്യത്തിൽ നഗരസഭ ചെയർമാൻ ആർ.ജയകുമാറും ഭക്തജനങ്ങളും ചേർന്ന് നിർവഹിച്ചു. ഔഷധ തോട്ടത്തിന്റെ നിർമ്മാണോദ്ഘാടനം കെ.എസ് രവി നിർവഹിച്ചു. ആദ്യം കൊയ്തെടുത്ത നെൽക്കതിർ തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ക്ഷേത്രനടയിൽ സമർപ്പിച്ചു. ശാസ്താനടയ്ക്ക് പിൻഭാഗത്തെ അരയേക്കർ ഭൂമിയിലാണ് കരനെൽകൃഷി നടത്തിയത്. വിളവെടുപ്പിൽ ലഭിച്ച നെല്ല് കുത്തിയെടുക്കുന്ന അരി ക്ഷേത്രത്തിലെ നിവേദ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാണ് തീരുമാനം. ക്ഷേത്രവളപ്പിലെ ഗണപതി നടയ്ക്ക് പിന്നിലെ 10 സെന്റ് ഭൂമിയിലാണ് 70ൽപ്പരം അത്യപൂർവ്വങ്ങളായ ആയുർവേദ ഔഷധ സസ്യങ്ങൾ നട്ടുപിടിപ്പിച്ചത്.
അതിഥി മന്ദിരത്തിന് ശിലയിട്ടു
തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിലെ അതിഥി മന്ദിരത്തിന്റെ ശിലാസ്ഥാപനകർമ്മം ക്ഷേത്രതന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് നിർവഹിച്ചു. തിരുവിതാംകൂർ ദേവസ്വംബോർഡ് മെമ്പർ കെ.എസ് രവി, ഡെപ്യൂട്ടി കമ്മീഷണർ വി.കൃഷ്ണകുമാർ വാര്യർ, അസി.കമ്മീഷണർ കെ.എസ്.ഗോപിനാഥൻപിള്ള, സബ്ഗ്രൂപ്പ് ഓഫീസർ ടി.പി നാരായണൻ നമ്പൂതിരി, നഗരസഭ ചെയർമാൻ ആർ.ജയകുമാർ, കെ.ആർ. പ്രതാപചന്ദ്രവർമ്മ, ഹരികൃഷ്ണൻ എസ്.പിള്ള, എസ്.പ്രസന്നകുമാർ എന്നിവർ പങ്കെടുത്തു.