pk
കോന്നിയൂർ പി.കെ

പത്തനംതിട്ട: കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ. കോൺഗ്രസിൽ നിന്നു രാജിവച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റു സ്ഥാനവും രാജിവച്ചിട്ടുണ്ട്. കോന്നിയുടെ പൊതുവികസനത്തിന് ബോധപൂർവം തടസം സൃഷ്ടിക്കാൻ ചില കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് രാജി. പാർട്ടിയിൽ നിന്നുള്ള രാജിക്കത്ത് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനു കൈമാറിയിട്ടുണ്ട്. സമീപകാലത്ത് കോന്നിയിലെ കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയാണ് മുൻ ഡി.സി.സി ജനറൽ സെക്രട്ടറി കൂടിയായ കോന്നിയൂർ പി.കെയുടെ രാജിയിലെത്തിയതെന്ന് പറയുന്നു. കോന്നി ജില്ലാ പഞ്ചായത്ത് ഡിവിഷൻ പട്ടികജാതി സംവരണമായതോടെ കോന്നിയൂർ പി.കെയെ യു.ഡി.എഫ് സ്ഥാനാർത്ഥിയാക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടിരുന്നെങ്കിലും പാർട്ടി നേതൃത്വത്തിലെ ചിലർ ഇതിനെയും എതിർത്തതായി പറയുന്നു. സമീപദിവസങ്ങളിൽ കോൺഗ്രസ് പാർട്ടിവിടുന്ന രണ്ടാമത്തെ തദ്ദേശസ്ഥാപന അദ്ധ്യക്ഷനാണ് കോന്നിയൂർ പി.കെ. പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ സജി ഒരാഴ്ച മുമ്പാണ് കോൺഗ്രസ് വിട്ടത്.