resign

പത്തനംതിട്ട : കോന്നിയിലെ വികസന പ്രവർത്തനങ്ങളെ രാഷ്ട്രീയമായി തടസപ്പെടുത്തണമെന്ന സമീപനം അംഗീകരിക്കാനാവില്ലെന്നും ഇതേ തുടർന്നുണ്ടായ കടുത്ത സമ്മർദ്ദവും മാനസിക പീഡനവും കാരണമാണ് കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും കോൺഗ്രസ് പ്രാഥമിക അംഗത്വവും രാജിവച്ചതെന്ന് കോന്നിയൂർ പി.കെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വികസന പ്രവർത്തനങ്ങൾ രാഷ്ട്രീയാതീതമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് ചിലർ നിരന്തരം തടസം സൃഷ്ടിച്ചിരുന്നു. അധികാരത്തിന് വേണ്ടിയല്ല രാജിയെന്നും എന്നാൽ പലപ്പോഴും കോൺഗ്രസിൽ പല സ്ഥാനങ്ങളും നൽകിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിനു സമീപം ഔട്ട് ഡോർ സ്റ്റേഡിയം നിർമ്മിക്കാനുള്ള പദ്ധതിക്ക് മുൻ എം.എൽ.എ തടസം നിന്നതിനാലാണ് അനുമതി നൽകാഞ്ഞത്. വികസനം തടയരുതെന്ന് പറഞ്ഞപ്പോൾ ആഷേപിക്കുകയാണ് ചെയ്തത്. കോന്നി മെഡിക്കൽ കോളേജിലെ വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുത്തതിന് താനടക്കമുള്ള ജനപ്രതിനിധികൾ പാർട്ടിക്കുള്ളിൽ കടുത്ത വിമർശനത്തിനു വിധേയമായി.
കോന്നി സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് തടഞ്ഞു. ആർ.ടി.ഒ ഓഫീസ് ഉദ്ഘാടനത്തിനു പോയാൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നു വരെയായിരുന്നു ഐ ഗ്രൂപ്പിലുള്ള ജനപ്രതിനിധികളോടുള്ള ഭീഷണി.
താലൂക്ക് ആശുപ്രതി വികസന പദ്ധതി ഉദ്ഘാടനചടങ്ങിൽ ആരോഗ്യമന്ത്രി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ തന്നെ അഭിനന്ദിച്ചതിന്റെ പേരിൽ നേരിട്ട പീഡനം വിവരിക്കാൻ കഴിയാത്തതാണന്നും പി.കെ പറഞ്ഞു. ആവണിപ്പാറയിൽ വൈദ്യുതി എത്തിക്കുന്നത് തടസപ്പെടുത്താൻ നടത്തിയ ശ്രമം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ജനവിരുദ്ധ സമീപനം സ്വീകരിക്കുന്ന ഒരു പാർട്ടിയുടെ ഭാഗമായി തുടരാൻ കഴിയില്ലെന്നും രാജിവയ്ക്കുക മാത്രമാണ് പോംവഴിയായി ഉണ്ടായിരുന്നതെന്നും കോന്നിയൂർ പി.കെ.പറഞ്ഞു. മറ്റ് രാഷ്ട്രീയ പാർട്ടിയിൽ ചേരുന്ന കാര്യം തീരുമാനിച്ചിട്ടില്ല. ബി.ജെ.പിയുടെ ആശയവുമായി ചേർന്നു പോകാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.